ആക്ട് പുതുവത്സര ദിനത്തില്‍ പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവും നിര്‍ദേശിക്കുന്ന ആക്ട് പുതുവത്സര ദിനം മുതല്‍ പ്രാബല്യത്തില്‍ വരും. അംഗീകൃത ചികിത്സാ സമ്പ്രദായമായ മോഡേണ്‍ മെഡിസിനിലെ ദന്ത ചികിത്സ ഉള്‍പ്പെടെയുള്ളവയ്ക്ക് ആക്ട് ബാധകമാണ്. സംസ്ഥാനത്തെ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും നിയന്ത്രണവുമാണ് ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ സാധ്യമാകുന്നത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഈ ആക്ട് നിയമസഭ പാസാക്കിയത്. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും പെട്ട സ്ഥാപനങ്ങളും ഈ ആക്ടിന്റെ പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ മോഡേണ്‍ മെഡിസിനിലാണ് ആക്ട് പ്രാബല്യത്തില്‍ വരുത്തുന്നത്. താല്‍ക്കാലികമായി രണ്ടു വര്‍ഷത്തേയ്ക്ക് നിലവാരം നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതിനാണ് തീരുമാനം. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥാപനങ്ങള്‍ നിലവാരത്തിലേക്ക് എത്തണമെന്നതാണ് മാനദണ്ഡം.
സമ്പൂര്‍ണ ഓണ്‍ലൈന്‍ സമ്പ്രദായത്തിലാണ് ഇത് നടപ്പിലാക്കുന്നത്. രജിസ്‌ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കല്‍, കൈപ്പറ്റ് രസീത് നല്‍കല്‍, രജിസ്‌ട്രേഷന്‍ ഫീസ് അടക്കല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്റ്റര്‍, രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതും റദ്ദാക്കപ്പെട്ടതുമായ സ്ഥാപനങ്ങളുടെ വിവരങ്ങള്‍, ഓരോ സ്ഥാപനങ്ങളിലെയും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍, അപ്പീലുകള്‍, പരാതി പരിഹാരം എന്നിവയെല്ലാം ഓണ്‍ലൈന്‍ വഴി മാത്രമാണ്.
ആദ്യഘട്ടമെന്ന നിലയില്‍ ജനുവരി ഒന്നു മതുല്‍ 15 വരെ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിനു വേണ്ടിയുള്ള സോഫ്ട് വെയറിലെ പ്രശ്‌നങ്ങളും മറ്റും പരിശോധിച്ചു പരിഹരിച്ചതിനു ശേഷം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. അഞ്ച് മാസംകൊണ്ട് സംസ്ഥാനത്തെ എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളുടേയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."