ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയമെന്ന് പുടിന്
മോസ്കോ: മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തടുക്കാന്‍ സാധ്യമാവാത്ത ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്.
രാജ്യത്തിന്റെ സുരക്ഷയ്ക്കു പുതുവര്‍ഷത്തിന്റെ സമ്മാനമാണിതെന്നു പുടിന് പറഞ്ഞു. പരീക്ഷണം വന്‍വിജയമായിരുന്നു.
അവാന്ഗാര്ഡെന്ന് പേരുള്ള മിസൈല്‍ നിലവിലുള്ള ഏതു പ്രതിരോധ സംവിധാനങ്ങളെയും തകര്‍ക്കുന്നതാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ നിര്‍ണായക ശക്തിയായി ഇതു മാറും.
അവാന്‍ഗാര്‍ഡ് അടുത്ത വര്‍ഷം ഔദ്യോഗികമായി ആയുധ ശേഖരത്തില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ആയുധങ്ങള്‍ വിക്ഷേപിച്ചതിനു ശേഷം വാഹനം ഭൂമിയിലേക്കു തന്നെ തിരികെയെത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള ലക്ഷ്യവും അവാന്ഗാര്ഡിന് അരമണിക്കൂറിനകം തകര്‍ക്കാനാകുമെന്നാണു റഷ്യയുടെ അവകാശ വാദം.
പരമ്പരാഗത ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ നേരത്തേ തീരുമാനിച്ച പാതയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക.
അതിനാല്‍ത്തന്നെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു തിരിച്ചറിഞ്ഞു വെടിവച്ചിടാന്‍ ഏറെ എളുപ്പമാണ്. എന്നാല്‍ മിസൈല്യാത്രയ്ക്കിടെ ദിശമാറ്റി വിടാന്‍ ഉള്‍പ്പെടെ ശേഷിയുള്ള 'ഗ്ലൈഡിങ്' സംവിധാനമാണ് ഇപ്പോള്‍ റഷ്യ സ്വന്തമാക്കിയിരിക്കുന്നത്.
സമാനമായ ഹൈപ്പര്‍സോണിക് ആയുധം വികസിപ്പിക്കുന്നതിന് യുഎസും ചൈനയും ശ്രമം നടത്തുന്നുണ്ട്. നിലവില്‍ വിമാനത്തില്‍നിന്ന് ഇത്തരം ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള ശേഷി യുഎസിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."