എല്‍.ഡി.എഫിന്റെ വര്‍ഗീയ-അഴിമതി വിരുദ്ധ മേലങ്കി അഴിഞ്ഞുവീണു: രമേശ് ചെന്നിത്തല
കൊച്ചി: അഴിമതിക്കാരെയും ഭൂമികൈയേറ്റക്കാരെയും വര്‍ഗീയകക്ഷികളെയും ഒപ്പം ചേര്‍ത്തതോടെ ഇടത-ന്ദുമുന്നണിയുടെ വര്‍ഗീയ, അഴിമതി വിരുദ്ധ മേലങ്കി അഴിഞ്ഞുവീണിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍കണ്ടാണ് ഇടതുമുന്നണി വിപുലീകരിച്ചത്. ആരോപണവിധേയരെല്ലാം ഇടതുമുന്നണിയില്‍ ചേര്‍ന്നാല്‍ വിശുദ്ധരാകും. എല്‍.ഡി.എഫിന്റെ മൂല്യത്തകര്‍ച്ചയും അവസരവാദവും ജനം തിരിച്ചറിയുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീരേന്ദ്രകുമാര്‍ ഭൂമി കൈയേറ്റക്കാരനാണെന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള സി.പി.എം നേതാക്കളുടെ നിലപാട്. അതു മാറിയോ എന്ന് സി.പി.എം വ്യക്തമാക്കണം. അഴിമതിക്കാരനെന്നു പറഞ്ഞാണ് ആര്‍. ബാലകൃഷ്ണപ്പിള്ളയെ വി.എസ് അച്യുതാനന്ദന്‍ ജയിലില്‍ അടച്ചത്. അഴിമതിയുമായി സന്ധി ചെയ്യാന്‍ സി.പി.എമ്മിനു മടിയില്ലെന്ന് ഇതു വ്യക്തമാക്കുന്നു. പിള്ളയെ മുന്നണിയില്‍ എടുത്തതിനെ കുറിച്ച് വി.എസ് നിലപാട് വ്യക്തമാക്കണം. ഐ.എന്‍.എല്‍ വര്‍ഗീയകക്ഷിയാണെന്ന നിലപാട് മാറിയോ എന്നും ചെന്നിത്തല ചോദിച്ചു.
പാവങ്ങളുടെ റേഷന്‍വിഹിതം തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതു ശരിയല്ലെന്നും ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഇറക്കിയ പരസ്യം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വരാപ്പുഴ കേസില്‍ സര്‍ക്കാര്‍ കള്ളക്കളി കളിക്കുകയാണ്. ലോക്കപ്പ് കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ശ്രീജിത്തിനെ കൊല്ലാന്‍ നേതൃത്വം നല്‍കിയവര്‍ക്കു സംരക്ഷണം നല്‍കുന്നത് അതിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ സര്‍ക്കാര്‍ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു. അതേ വേഗതയില്‍ അവര്‍ തന്നെ തിരിച്ചിറക്കുകയും ചെയ്യുന്നു. മനിതി സംഘത്തെ ആരാണു കൊണ്ടുവന്നത് എന്ന കാര്യത്തില്‍ അന്വേഷണം വേണം. വര്‍ഗീയ മതിലിനായി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പ് മേധാവികള്‍ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
മുന്‍ പി.എസ്.സി ചെയര്‍മാന്‍ കെ.എസ് രാധാകൃഷ്ണന്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."