കുട്ടികളുടെ മരണം: ഉത്തരം കിട്ടാത്ത ചോദ്യത്തിനുമുന്നില്‍ പകച്ച് സര്‍ക്കാര്‍
ഗൊരഖ്പൂര്‍: ഓക്‌സിജന്‍ ലഭിക്കാതെ ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിഞ്ചുകുട്ടികളടക്കം 72 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തിലാണ് ആദിത്യനാഥ് സര്‍ക്കാര്‍.
പരസ്പരം പഴിചാരി യഥാര്‍ഥ വസ്തുതയെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിക്കൊപ്പം കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്. കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഓക്‌സിജന്‍ കിട്ടാത്തതുകൊണ്ടല്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്‍പറ്റിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ചതോടെ സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നതെന്നു വ്യക്തമാകുകയാണ്.
രണ്ടു മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് ഓക്‌സിജന്‍ ലഭ്യത തടസപ്പെട്ടതെന്നും സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയും ശുചിത്വമില്ലായ്മയാണ് മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതെന്നാണ് ആവര്‍ത്തിച്ചത്.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മരിച്ച കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നുള്‍പ്പെടെ അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
എന്നാല്‍ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ പകച്ചു നില്‍ക്കുകയാണ്. മാധ്യമങ്ങള്‍ വരെ മുന്നോട്ടുവച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ സംസ്ഥാന ആരോഗ്യമന്ത്രിമാരോ തയാറാകുന്നില്ല:
മലിനീകരണമാണെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കൂട്ടത്തോടെ കുട്ടികള്‍ മരിക്കാന്‍ ഇടയാകുമോ, ഓക്‌സിജന്‍ ലഭിക്കാത്തതുകൊണ്ടാണോ അതോ ജപ്പാന്‍ ജ്വരം പിടിപെട്ടിട്ടാണോ കുട്ടികള്‍ മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30 മുതില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.30 വരെ മാത്രമേ ഓക്‌സിജന്‍ കിട്ടാതിരുന്നുള്ളൂ എന്നാണ് യു.പി ആരോഗ്യമന്ത്രി അറിയിച്ചത്. ഇങ്ങനെയെങ്കില്‍ എത്രകുട്ടികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നുവെന്ന് എന്തുകൊണ്ട് വ്യക്തമാക്കുന്നില്ല.
പുലര്‍ച്ചെ 1.30ന് എങ്ങനെയാണ് ഓക്‌സിജന്‍ ലഭ്യമാക്കിയത്. ആരാണ് ആശുപത്രിക്ക് ഓക്‌സിജന്‍ നല്‍കിയത്.
യഥാര്‍ഥ മരണകാരണം കണ്ടെത്താന്‍ എന്തുകൊണ്ട് കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടില്ല.
ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ ഇല്ലാതിരുന്ന കാര്യം അറിയിച്ചിട്ടും എന്തുകൊണ്ട് ഇത് ചെവികൊള്ളാന്‍ ആരോഗ്യ വകുപ്പ് തയാറായില്ല.
ഓക്‌സിജന്‍ വാങ്ങിയ വകയില്‍ 68 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന കാര്യം എന്തുകൊണ്ട് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നില്ല
കുട്ടികളുടെ മരണത്തിനു പിന്നില്‍ ഓക്‌സിജന്‍ വിതരണം തകരാറിലായതല്ലെങ്കില്‍ എന്തിനാണ് അടിയന്തരമായി സ്വകാര്യ ഏജന്‍സിക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ള തുകയില്‍ 21 ലക്ഷം തിരക്കിട്ട് നല്‍കിയത്.
ഈ തുക എന്തുകൊണ്ട് നേരത്തെ നല്‍കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."