HOME
DETAILS

ശൈഖ് ജീലാനിയും കേരളീയ മുസ്‌ലിംകളും

  
backup
December 27 2018 | 20:12 PM

shaikh-jeelani-todaysarticle

ഹാരിസ് ബാഖവി കമ്പളക്കാട്
9447316236#

 

ഇസ്‌ലാമിക ചരിത്രത്തില്‍ അസാമാന്യ സ്വാധീനം ചെലുത്തിയ നേതാവും പുണ്യപുരുഷനും മതത്തിന്റെ പുനരുദ്ധാരകനുമായിരുന്നു മുഹ്‌യിദ്ദീന്‍ ശൈഖ് എന്നറിയപ്പെട്ട ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി (റ). പേര്‍ഷ്യയിലെ ജീലാനി ജില്ലയിലെ നയീഫില്‍ ഹി. 471ല്‍ ഇമാം ഹസന്‍ (റ) തങ്ങളുടെ പരമ്പരയില്‍പെട്ട അബൂ സ്വാലിഹിന്റെയും ഇമാം ഹുസൈന്‍ (റ) തങ്ങളുടെ പരമ്പരയില്‍പെട്ട ഫാത്തിമയുടേയും മകനായാണ് ജനനം. കുട്ടിക്കാലത്ത് ശാന്തനും ചിന്താശീലനും സജ്ജന സമ്പര്‍ക്കമുള്ളവരുമായിരുന്ന ശൈഖ് ജീലാനി (റ) തന്റെ അടങ്ങാത്ത വിജ്ഞാനദാഹം തീര്‍ക്കാന്‍ പതിനെട്ടാം വയസില്‍ ബാഗ്ദാദിലേക്കു പുറപ്പെട്ടു. സത്യസന്ധതയിലും ദാനശീലത്തിലും മുന്‍പന്തിയിലായിരുന്ന ശൈഖ് ബാഗ്ദാദിലെ വിദ്യാര്‍ഥി ജീവിതകാലത്ത് പലതരം പ്രതിസന്ധികളെയും തരണം ചെയ്തു. സഹജമായ ബുദ്ധിസാമര്‍ഥ്യവും ഭക്തിയും കാരണം മറ്റു വിദ്യാര്‍ഥികളേക്കാള്‍ വൈജ്ഞാനിക രംഗത്ത് അദ്ദേഹം ഏറെ മുന്‍പന്തിയിലായിരുന്നു. വിദ്യാര്‍ഥി ജീവിതകാലത്ത് തന്നെ അദ്ദേഹത്തില്‍ അഗാധമായ ആത്മീയ ഔത്സുക്യം സന്നിവേശിച്ചിരുന്നു. അതിനാല്‍ തന്നിലെ മൃഗീയതയെ തളച്ചിടാന്‍ വിവിധ വലിയ ആത്മീയ പരിശീലനക്കളരി തേടിപ്പോകല്‍ പതിവായിരുന്നു. ബാഗ്ദാദിന്റെ മണ്ണില്‍ ഇസ്‌ലാമിക ചലനങ്ങള്‍ക്കു വിസ്മയകരമായ നവോന്മേഷം നല്‍കിയ ഹുജ്ജുത്തുല്‍ ഇസ്‌ലാം അബൂ ഹാമിദുല്‍ ഗസ്സാലി (റ) ബാഗ്ദാദ് വിട്ടു പുറത്തുപോയ അതേ കാലയളവില്‍ തന്നെ ആത്മീയ ചക്രവാളത്തില്‍ ത്വരീഖത്ത് പട്ടവുമായി തലയുയര്‍ത്തിയ മറ്റൊരു യോദ്ധാവിനെ ബാഗ്ദാദിനു വീണുകിട്ടുകയായിരുന്നു ശൈഖ് അവര്‍കളിലൂടെ. ഇസ് ലാമികമായ കാര്യങ്ങളില്‍ എല്ലാ നിലയിലും സമൂഹമനസ് ജീവച്ഛവമായി മാറിയിരുന്നു. പൂര്‍വിക മനസുകളില്‍ ജ്വലിച്ചുനിന്നിരുന്ന ഈമാന്‍ അവരുടെ അന്തര്‍ധാരകളില്‍ ദീപ്തി നഷ്ടപ്പെടുകയോ പൂര്‍ണമായും അണയുകയോ ചെയ്തിരുന്നു.
ഇസ്‌ലാമിന് അന്യമായ ദുരാചാരങ്ങളും ഗ്രീക്ക് തത്ത്വചിന്തകരില്‍നിന്നും മറ്റും പകര്‍ന്ന നവീനാശയങ്ങളും സമൂഹമനസുകളെ കീഴ്‌പ്പെടുത്തിയിരുന്ന സന്ദര്‍ഭത്തിലാണ് മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന സമുദായ ഉദ്ധാരകനിലെ ഉദ്ധാരതയ്ക്കു കുതിര ശക്തി കൈവരുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമായ അയ്യായിരത്തിലധികം ആളുകള്‍ ശൈഖ് ജീലാനി മുഖേന ഇസ്‌ലാം ആശ്ലേഷിച്ചതായും ഒരു ലക്ഷത്തിലധികം മുസ്‌ലിംകള്‍ അദ്ദേഹത്തിനു മുമ്പില്‍ വന്ന് പശ്ചാത്തപിച്ച് സന്മാര്‍ഗം പുല്‍കിയതായും സര്‍വത് സൗലത്ത് തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിത ക്രമങ്ങളും വാക്കുകളും സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതായിരുന്നില്ല. സല്‍ജൂഖി സുല്‍ത്താന്‍മാരും ഖലീഫമാരും പരസ്പരം പോരടിക്കുന്ന അത്യന്തം ഭീതിജനകമായ, മുസ്‌ലിംകള്‍ പരസ്പരം കഴുത്തറുക്കുന്ന കാലത്തായിരുന്നു ശൈഖിന്റെ ജീവിതം. തന്റെ കാലത്തോടും കാലികരോടും യോജിച്ച, അവരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, അവരുടെ രോഗങ്ങള്‍ക്കും വ്രണിത മനസുകള്‍ക്കും ചികിത്സയാക്കാനുതകുന്ന വാക്കുകളും പ്രസംഗങ്ങളും ഉപദേശങ്ങളുമായിരുന്നു ശൈഖിന്റേത്. അദ്ദേഹത്തിന്റെ ഒരു പ്രഭാഷണം ശ്രദ്ധിക്കുക: ഒരാളെ മുഴുവന്‍ സൃഷ്ടികളെ തൊട്ടും സര്‍വാധികാരിയും അക്രമിയുമായ ഒരു രാജാവ് തടഞ്ഞുവച്ചതായി നീ സങ്കല്‍പ്പിക്കുക. ഇയാളെ രാജാവ് ഇരുകാലുകളെയും പിരടിയിലേക്ക് കൂട്ടിക്കെട്ടി ഇളകി മറിയുന്ന ഒരു നദിയുടെ വിശാലമായ കരയിലുള്ള ഒരു മരത്തില്‍ കെട്ടിത്തൂക്കിയിരിക്കുന്നുവെന്നും സങ്കല്‍പ്പിക്കുക. ശേഷം രാജാവ് എല്ലാ പ്രമാണിത്തവും കുടികൊള്ളുന്ന സിംഹാസനത്തില്‍ ആസനസ്ഥനാവുന്നു. അദ്ദേഹത്തിനടുത്ത് വിവിധയിനം ആയുധങ്ങളുടെയും അമ്പുകളുടെയും കുന്തങ്ങളുടെയും കൂമ്പാരം തന്നെയുണ്ട്. അങ്ങനെ രാജാവ് തനിക്കിഷ്ടപ്പെട്ട ആയുധമെടുത്ത് ഈ കുരിശിലേറ്റപ്പെട്ടവനെ എറിയുന്നു. ഇങ്ങനെയൊരു ഘട്ടത്തില്‍ ആര്‍ക്കെങ്കിലും ഈ രാജാവിന്റെ ക്രൂരതയില്‍ സൗമ്യതയോടെ നോക്കി നില്‍ക്കാനാവുമോ? അതേപോലെ ഈ ക്രൂശിക്കപ്പെട്ടവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും അഭയം തേടുകയും ചെയ്യാനും ആര്‍ക്കു കഴിയും? ഉണ്ടെങ്കില്‍ അതിന്റെ പേരല്ലേ ബുദ്ധിശൂന്യത? സൃഷ്ടികളെല്ലാം ഇത്തരത്തിലാണെങ്കില്‍, അവരുടെ ദൗര്‍ബല്യങ്ങളും കഴിവുകേടുകളും ഇത്തരത്തിലെങ്കില്‍ അവനോട് പിന്നെന്തിനാണ് മറ്റൊരുത്തന്‍ സഹായം തേടുന്നത്? ഏതെങ്കിലുമൊരു ആപത്ഘട്ടത്തിലോ, വിഷമാവസ്ഥയിലോ എങ്ങനെയാണ് അവനെ സമീപിക്കുക?
അല്ലാഹുവിനെ മാത്രം ലക്ഷ്യമാക്കി, അവനില്‍ മാത്രം അഭയം തേടാനാണ് ഉദാഹരണ സഹിതം ജനമനസുകളെ കീഴടക്കി ശൈഖ് ഈ പ്രഭാഷണത്തിലൂടെ വ്യക്തമാക്കുന്നത്.
ആത്മീയ ലോകത്തെ അടക്കി ഭരിച്ച രാജകുമാരനായി, വിശുദ്ധ ഇസ്‌ലാമിന്റെ പ്രഭ തന്മയത്വത്തോടെ നൂറ്റാണ്ടിലേക്ക് പകര്‍ന്ന് ശൈഖ് ജീലാനി 90 വര്‍ഷം ജീവിച്ച് ഹി. 561 ല്‍ ഈ ലോകത്തോട് വിട പറഞ്ഞു . ഇറാഖിലെ ബാഗ്ദാദില്‍ ജീവിച്ച ശൈഖവര്‍കള്‍ ഇങ്ങകലെ കൊച്ചു കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ചെലുത്തിയ സ്വാധീനം അപാരമാണ്. പ്രവാചക സ്വഹാബത്തിന്റെ കൂട്ടത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത, ചരിത്രത്തിലെവിടെയും കാണാത്ത മുഹ്‌യിദ്ദീന്‍ എന്ന പേര് കേരളത്തില്‍ ഇത്ര വ്യാപകമായതിനു പിന്നില്‍ നമ്മുടെ മുന്‍ തലമുറയില്‍ ശൈഖിനുണ്ടായ ആത്മീയ സ്വാധീനമല്ലാതെ മറ്റെന്താണ്? മുഹ്‌യിദ്ദീന്‍, മൊയ്തീന്‍, കുഞ്ഞിമൊയ്തീന്‍, മൊയ്തുട്ടി, മൊയ്തു, മോന്തീന്‍, ഏന്തീന്‍, മോയിന്‍, മോയി, ഉണ്ണിമോയി തുടങ്ങി ശൈഖിന്റെ നാമവുമായി ബന്ധപ്പെട്ട എത്ര പേരുകളാണ് നമ്മുടെ നാട്ടില്‍.
ഇത് ശൈഖ് ചെലുത്തിയ സ്വാധീനം തന്നെയാണ്. കോഴിക്കോട്ടങ്ങാടിയില്‍ മാത്രമല്ല കുഗ്രാമങ്ങളില്‍ പോലും തലയുയര്‍ത്തി നില്‍ക്കുന്ന അല്ലാഹുവിന്റെ വിശുദ്ധ ഗേഹങ്ങള്‍ക്ക് മുഹ്‌യിദ്ദീന്‍ മസ്ജിദ് എന്ന് നാമകരണം ചെയ്തതിനു പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. മുഹ് യിദ്ദീന്‍ ശൈഖുമായുള്ള കേരളീയരുടെ ബന്ധത്തിനും അദ്ദേഹത്തിന്റെ സ്വാധീനത്തിനും പിന്നില്‍ കോഴിക്കോട് ഖാസിയായിരുന്ന ഖാസിമുഹമ്മദ് എന്നവര്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാലയാണ് നിദാനമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. കേരളീയ മുസ്‌ലിംകള്‍ മുഹ്‌യിദ്ദീന്‍ മാല ആലപിക്കാന്‍ തുടങ്ങിയിട്ട് 400 ആണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ക്രി.1607ലാണ് മുഹ്‌യിദ്ദീന്‍ മാല വിരചിതമായത്. താളാത്മകമായ മുഹ്‌യിദ്ദീന്‍ മാലയുടെ ഈരടികള്‍ ഉരുവിടാനും അവ ഈണത്തില്‍ ആലപിക്കാനും പ്രായഭേദമന്യെ മുസ്‌ലിംകള്‍ തയാറായി. ഒരു കൈയില്‍ വിശുദ്ധ ഖുര്‍ആനും മറുകൈയില്‍ മുഹ്‌യിദ്ദീന്‍മാലയുമെന്നത് ഒരു കാലത്തെ കേരളീയ മുസ്‌ലിം വീടുകളുടെ അകത്തളങ്ങളിലെ കാഴ്ചയായിരുന്നു. സ്ത്രീസമൂഹം ഈ മാലപ്പാട്ടിനു കല്‍പ്പിച്ചിരുന്ന പ്രാധാന്യം ചില്ലറയായിരുന്നില്ല. അച്ചടിയന്ത്രം കേരളത്തിലെത്തുന്നതിനു മുമ്പു തന്നെ മുസ്‌ലിം മനസുകളിലും നാവിന്‍തുമ്പിലും ഈ മാലപ്പാട്ട് സ്ഥാനം പിടിച്ചിരുന്നു. അല്ലാഹുവിന്റെ സച്ചരിതരായ അടിമകളെ പ്രകീര്‍ത്തിക്കല്‍ പുണ്യകര്‍മമായതിനാല്‍ മുഹ്‌യിദ്ദീന്‍ മാല അദ്വിതീയ സ്ഥാനമര്‍ഹിക്കുന്നു. മറ്റു മാലപ്പാട്ടുകളൊക്കെ മുഹ്‌യിദ്ദീന്‍ മാലയ്ക്കു ശേഷം രചിക്കപ്പെട്ടവയാണ്. പ്രസവം രോഗവും ഗര്‍ഭിണി രോഗിയുമല്ലാതിരുന്ന കേവലം പതിറ്റാണ്ടിനു മുമ്പ് പ്രസവവേദന അനുഭവിക്കുന്ന ഘട്ടത്തിലും മറ്റും മുഹ്‌യിദ്ദീന്‍ മാലയും നഫീസത്ത് മാലയുമൊക്കെ ചൊല്ലിയിരുന്ന മഹത്തായൊരു പാരമ്പര്യവും നമുക്കുണ്ട്. ഗര്‍ഭിണി ആദ്യ ആഴ്ച മുതല്‍ തന്നെ ടാബ്‌ലറ്റ് പതിവാക്കാതിരുന്ന, ഓപ്പറേഷനോ സിസേറിയനോ വ്യാപകമാവാതിരുന്ന പത്തോ ഇരുപതോ വര്‍ഷം മുമ്പു വരെ ഇത്തരം സദാചാരങ്ങള്‍ വ്യാപകമായിരുന്നു. സന്ധ്യ മയങ്ങിയാല്‍ വീടുകള്‍ ദിക്ര്‍ ദുആകള്‍ കൊണ്ടും മാല മൗലിദുകള്‍ കൊണ്ടും മുഖരിതമായിരുന്നു. ഇല്ലായ്മയിലും വല്ലായ്മയിലും പരിഭവങ്ങളില്ലാതെ അവര്‍ ജീവിച്ചിരുന്നത് ഇത്തരം ആത്മീയാനുഭൂതികളിലൂടെ മാത്രമായിരുന്നു. ഖുര്‍ആനും സുന്നത്തുമനുസരിച്ചുള്ള ജീവിതവും മഹാത്മാക്കളോടുള്ള സ്‌നേഹവും അവരുടെ ഏറ്റവും വലിയ കൈമുതലായിരുന്നു. പടര്‍ന്നു പന്തലിച്ചിരുന്ന പകര്‍ച്ചവ്യാധികളെയും മാറാരോഗങ്ങളെയുമൊക്കെ അവര്‍ പ്രതിരോധിച്ചിരുന്നത് പോലും ഇത്തരത്തിലുള്ള ജീവിത രീതിയിലൂടെയായിരുന്നു. പണ്ഡിതനും വലിയ്യുമായ തമിഴ്‌നാട് കായല്‍ പട്ടണത്തുകാരന്‍ സ്വദഖത്തുല്ലാ ഹില്‍ ഖാഹിരി രചിച്ച ഖുത്വ്ബിയ്യത്ത് കേരളീയ വിദ്യാര്‍ഥിക്കു പോലും സുപരിചിതമാണ്. ഏതാവശ്യങ്ങള്‍ക്കും കാര്യസാധ്യങ്ങള്‍ക്കും വേണ്ടി ഖുത്വ്ബിയ്യത്ത് നേര്‍ച്ചയാക്കുകയെന്ന പതിവ് മലയാളികളില്‍ ഇന്നും വ്യാപകമാണ്. മുഹ്‌യിദ്ദീന്‍ മാല കൊണ്ടും ഖുത്വ്ബിയ്യത്ത് കൊണ്ടും ഉദ്ദിഷ്ഠ കാര്യങ്ങള്‍ സാധിച്ചുവോയെന്നറിയാന്‍ കൂടുതല്‍ പരതുകയോ ചികയുകയോ ചെയ്യേണ്ടതില്ല, പകരം സ്വന്തം മാതാപിതാക്കളോടും അവരുടെ മാതാപിതാക്കളോടും അന്വേഷിച്ചാല്‍ മതിയാവും.
കേരളീയ മുസ്‌ലിംകളുടെ ബുദ്ധിപരമായ നേട്ടത്തിന്റെ കലവറയായ അറബിമലയാള സാഹിത്യത്തിന് മുഹ്‌യിദ്ദീന്‍ മാലയോളം മുതല്‍ക്കൂട്ടായ മറ്റൊന്നില്ല. അറബി മലയാള പദ്യ സാഹിത്യത്തിലെ പ്രഥമ ഗ്രന്ഥമാണ് മുഹ്‌യിദ്ദീന്‍ മാല. തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തെക്കാള്‍ അഞ്ചു വര്‍ഷത്തെ പഴക്കമുള്ള മുഹ്‌യിദ്ദീന്‍ മാല കേരളീയ മുസ്‌ലിം സമൂഹത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. അതിന്റെ പ്രസക്തി വര്‍ധിച്ചുവരിക തന്നെയാണ്. കേരളീയ ന്യൂ ജനറേഷന്‍ പഴമയിലേക്കും പാരമ്പര്യത്തിലേക്കും വഴിനടക്കുകയാണ്. മഹാത്മാക്കളോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കലും അവരുടെ പ്രകീര്‍ത്തനങ്ങളുരുവിടലും അവരുടെ നാമങ്ങള്‍ സന്താനങ്ങള്‍ക്ക് നല്‍കലും ഇനിയും നിര്‍ബാധം തുടരും.
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കാണിച്ചുതന്ന വിശുദ്ധ വഴി മുറിഞ്ഞുപോവരുത്. അമ്പിയാക്കളുടേയും ഔലിയാക്കളുടേയും ഗുണപാഠകഥകള്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ അയവിറക്കുന്നുണ്ട്. അവ പൂര്‍വഗാമികളുടെ വഴികളാണ്. അവരെക്കുറിച്ചുള്ള ഓര്‍മകളാണ് ഇസ്‌ലാമിക സംസ്‌കൃതിയില്‍ നമ്മെ ഉറപ്പിച്ചുനിര്‍ത്തേണ്ടത്. അവയെ നശിപ്പിച്ചു ലക്ഷ്യബോധമില്ലാത്ത ജീവിതത്തിന് മുതിരല്‍ ബുദ്ധിശാലിയുടെ ലക്ഷണമല്ല. മുഹ്‌യിദ്ദീന്‍ ശൈഖ് എന്ന വിസ്മയ മനുഷ്യനെക്കുറിച്ച് ഇനിയും പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ നടക്കേണ്ടിയിരിക്കുന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ അമേരിക്കന്‍ സഖ്യസേനകളുടെ ബോംബ് വര്‍ഷങ്ങള്‍ക്കിടയിലും പോറലേല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്ന അംബരചുംബിയായ മാര്‍ബിള്‍ സൗധത്തിന്റേയും വശ്യചാരുതയാല്‍ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര പ്രകാശങ്ങള്‍ക്കും ചുവട്ടില്‍ അന്ത്യവിശ്രമംകൊള്ളുന്ന മഹാന്‍ ലോകത്തെ വിവിധ രാജ്യക്കാരായ അനേകായിരങ്ങളുടെ ഹൃത്തടത്തില്‍ ഇന്നും ആത്മീയാനുഭൂതി പകര്‍ന്നു നല്‍കുന്നുവെന്ന് ദിനേന ബാഗ്ദാദിലെ മഖ്ബറയ്ക്കരികിലെത്തുന്ന ജനസഞ്ചയം സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു ബഹുമാനിച്ചവരെയും വസ്തുവിനെയും ആദരിക്കുകയെന്നുള്ളത് വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. ആ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ നാഥന്‍ കനിയട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  a month ago
No Image

പത്തനംതിട്ട നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി

Kerala
  •  a month ago
No Image

കുവൈത്ത് സാരഥി സ്വപ്നവീട് പദ്ധതിക്ക് എം.എ യൂസഫലിയുടെ കൈത്താങ്ങ് ; നിർധനരായ കുടുംബങ്ങൾക്കായി പത്ത് വീടുകൾ നിർമ്മിച്ച് നൽകും

Kuwait
  •  a month ago
No Image

എംസാറ്റ് പാസാകാത്തവര്‍ക്കും സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കാം

uae
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കും 

qatar
  •  a month ago
No Image

പാലക്കാട്ടെ പരസ്യപ്രചാരണം അവസാന മണിക്കൂറില്‍; ആവേശത്തോടെ മുന്നണികള്‍

Kerala
  •  a month ago
No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  a month ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago