യു.എസില്‍ വെള്ളക്കാരുടെ ആക്രമണത്തില്‍ യുവതി മരിച്ചു
വാഷിങ്ടണ്‍: അമേരിക്കയില്‍ വംശീയ വികാരം ഉയര്‍ത്തി വെള്ളക്കാര്‍ നടത്തുന്ന റാലിക്കെതിരേ നടന്ന ഫാസിസ്റ്റ് വിരുദ്ധ റാലിയിലേക്ക് കാറിടിച്ചുകയറ്റിയ സംഭവത്തില്‍ ഒരാള്‍ മരിച്ചു. വെര്‍ജിനിയ ചാര്‍ലോട്ട്‌സ്‌വില്ലയിലെ യൂനിവേഴ്‌സിറ്റിയിലാണ് സംഭവം. 32 കാരിയാണ് കൊല്ലപ്പെട്ടത്. 26 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതേ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ആഭ്യന്തര യുദ്ധകാലത്ത് കോണ്‍ഫെഡറേഷന്‍ സേനയെ നയിച്ച ജനറല്‍ റോബര്‍ട്ട് ഇ ലീയുടെ പ്രതിമ നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരേ വെള്ളക്കാരായ വംശീയ വാദികള്‍ യൂനിവേഴ്‌സിറ്റി പരിസരത്ത് പ്രകടനം നടത്തിയത്.
ഇതിനെതിരേ മറുവിഭാഗം സംഘടിച്ചെത്തുകയും സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്‌നം ഇന്നലെ കൂടുതല്‍ സങ്കീര്‍ണമായി. വെള്ളക്കാരായ തീവ്രദേശീയവാദികളും പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാരും ഇന്നലെ ഏറ്റുമുട്ടി.
ഇതിനിടെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയും ചെയ്തു. ഇതിലാണ് പ്രതിഷേധക്കാരി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതല്‍ സൈന്യത്തെ ഇവിടേക്ക് അയക്കണമെന്ന് പ്രാദേശിക ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിഷേധ പ്രകടനക്കാരുടെ നേരെ പൊലിസും ആക്രമണം അഴിച്ചുവിട്ടു. കണ്ണീര്‍വാതക പ്രയോഗവും ലാത്തിചാര്‍ജും നടന്നു. പ്രകടനമായി എത്തിയ ദേശീയവാദികളുടെ കൈവശം കോണ്‍ഫെഡറേഷന്‍ പതാകകളും ഷീല്‍ഡുകളുമുണ്ടായിരുന്നു.
ഞങ്ങളെ തോല്‍പിക്കാനാകില്ലെന്ന് പ്രകടനക്കാര്‍ മുദ്രാവാക്യം മുഴക്കി. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലിസിനു കഴിഞ്ഞുവെങ്കിലും തെരുവുകളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിമ നീക്കം ചെയ്യാന്‍ സിറ്റി കൗണ്‍സില്‍ വോട്ടിനിട്ടു തീരുമാനിക്കുകയായിരുന്നു.
റോബര്‍ട്ട് ഇ ലീ
1862 ല്‍ നടന്ന അമേരിക്കയിലെ ആഭ്യന്തരയുദ്ധത്തിലെ പട്ടാള മേധാവിയായിരുന്നു റോബര്‍ട്ട് ഇ ലീ. അടിമത്വത്തെ പ്രോത്സാഹിപ്പിച്ചയാളാണ് ഇദ്ദേഹം.
ഇ ലീയുടെ പ്രതിമ നീക്കാന്‍ ഈയിടെ വോട്ടെടുപ്പിലൂടെ തീരുമാനിച്ചതിനെതിരേ വെള്ളക്കാരുടെ യുനൈറ്റഡ് ദ റൈറ്റ് സംഘടന രംഗത്തെത്തി. സമരത്തിനെതിരേ ഫാഷിസ്റ്റ് വിരുദ്ധര്‍ അണി നിരന്നതോടെയാണ് സംഘര്‍ഷം. അടിമത്വത്തെ മഹത്വവത്കരിക്കുന്ന നടപടിയാണ് യുണൈറ്റ് ദ റൈറ്റിന്റെത് എന്ന് പറഞ്ഞായിരുന്നു ഫാഷിസ്റ്റ് വിരുദ്ധ സംഘടനകള്‍ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."