അരിക്കുളം വില്ലേജിലെത്തുന്നവര്‍ ദുരിതത്തില്‍
മേപ്പയ്യൂര്‍: റവന്യൂ വകുപ്പിലെ സേവനങ്ങള്‍ ഓരോന്നായി ഡിജിറ്റലൈസ് ചെയ്ത് വില്ലേജ് ഓഫിസുകള്‍ ഹൈടെക് ആകുമ്പോഴും അരിക്കുളം വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരും ഇവിടെയെത്തുന്ന അപേക്ഷകരും ഒരു പോലെ വലയുന്നു.
സര്‍ട്ടിഫിക്കറ്റുകളും നികുതി രശീതിയും ഒക്കെ ഡിജിറ്റലായി ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കി കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കി. എന്നാല്‍ ഉപകരണങ്ങള്‍ കേടാവുന്നതും ഇന്റര്‍നെറ്റ് കണക്ഷന്‍ നേരാംവണ്ണം ലഭിക്കാത്തതും പവര്‍ സപ്ലൈ തടസപ്പെടുന്നതും മൂലം നാട്ടുകാര്‍ക്ക് സേവനങ്ങള്‍ യഥാസമയം ലഭ്യമാവുന്നില്ല.
ഒരു ദിവസം നൂറിലേറെ നികുതി രഷീതികള്‍ നല്‍കണം. അത്ര തന്നെ ആളുകള്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായും ആവശ്യങ്ങള്‍ക്കായും വില്ലേജിലെത്തുന്നു. ആകെ ഒരു പ്രിന്ററും രണ്ട് കംപ്യൂട്ടറുമാണ് ഓഫീസിലുള്ളത്. ഒരു കമ്പ്യൂട്ടര്‍ മാത്രമെ കൃത്യമായി പ്രവര്‍ത്തിക്കുന്നുള്ളൂ. പ്രിന്റര്‍ ഇടക്കിടെ പണി മുടക്കുകയും ചെയ്യും. ഇന്‍വര്‍ട്ടറില്ലാത്തതിനാല്‍, വൈദ്യുതി മുടങ്ങുമ്പോള്‍ സേവനങ്ങളെല്ലാം മുടങ്ങും. മണിക്കൂറുകള്‍ കൊണ്ട് ലഭിക്കുന്ന സേവനങ്ങള്‍ക്ക് വേണ്ടി ആവശ്യക്കാര്‍ രണ്ടും മൂന്നും ദിവസം കയറിയിറക്കണം. ജീവനക്കാര്‍ക്കും ഇത് ഇരട്ടി പണിയുണ്ടാക്കുന്നു.
അരിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും, കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ ആറു ദേശങ്ങളും ചേര്‍ന്നതാണ് അരിക്കുളം വില്ലേജ്. താലൂക്കിലെ മിക്ക വില്ലേജുകളില്‍ ആറ് ഒന്‍പത് ദേശങ്ങളാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ അരിക്കുളം വില്ലേജിന് 15 ദേശങ്ങളുള്‍പ്പെടുന്ന വിപുലമായ പരിധിയാണുള്ളത്.
കൊയിലാണ്ടി മുന്‌സിപ്പാലിറ്റിയിലെ നടേരി, കാവുംവട്ടം, കുതിരക്കുട, കുറിചിക്കര, മരുതേരി , മൂഴിക്ക്മീത്തല്‍, എന്നീ ദേശങ്ങളും അരിക്കുളം പഞ്ചായത്തിലെ വാകമോളി, കാരയാട്, ഏക്കാട്ടൂര്‍, തിരുവങ്ങായൂര്‍, അരിക്കുളം, കണ്ണമ്പത്ത്, ഊരള്ളൂര്‍, ഊട്ടേരി, മാവട്ട്, എന്നീ ദേശങ്ങളുമാണ് അരിക്കുളം, വില്ലേജ് പരിധിയിലുള്ളത്. പ്രവര്‍ത്തന പരിധിയുടെ വൈപുല്യം കാരണം ഫീല്‍ഡ് പരിശോധന നടത്തി നല്‍കേണ്ടുന്ന സേവനങ്ങള്‍ നീണ്ടുപോകുന്നു. പരാതികളുയരുമ്പോള്‍, വേണ്ട സമയത്ത് എത്തിച്ചേരുവാനും നടപടികള്‍ സ്വീകരിക്കുന്നതിനും കഴിയുന്നില്ല.
വില്ലേജ് ഓഫിസര്‍, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ്, രണ്ട് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേണ്‍. ഇതില്‍ ഒരാള്‍ ഒരു വര്‍ഷത്തിലേറെയായി അവധിയിലാണ്.
സേവനം ലഭ്യമാവാതെ ആവശ്യക്കാര്‍ മടങ്ങുമ്പോള്‍, ജീവനക്കാരും നിസഹായരാവുന്നു. 15 ദേശങ്ങളില്‍ നിന്നുള്ള രേഖകളും ഫയലുകളും പരാതികളും നേരാംവണ്ണം സൂക്ഷിക്കുവാന്‍ ഫര്‍ണിച്ചറും അടച്ചുറപ്പുള്ള ഫയല്‍ മുറിയും ഇല്ല എന്നതും ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിലാക്കുന്നു.
കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ ആറ് ദേശങ്ങളും ഊട്ടേരി, ഊരള്ളൂര്‍ ദേശങ്ങളും ചേര്‍ത്ത് പുതിയ വില്ലേജ് രൂപീകരിക്കുകയോ, അരിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വില്ലേജ് പരിധി പുനഃക്രമീകരിക്കുകയോ ചെയ്താല്‍ മാത്രമെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാവുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."