'ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണം ത്വരിതപ്പെടുത്തും'
കല്‍പ്പറ്റ: ജില്ലാ നിര്‍മിതി കേന്ദ്ര നിര്‍വഹണമേറ്റെടുത്ത ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍ദേശം നല്‍കി.
കലക്‌ട്രേറ്റില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 15 പ്രാഥമിക ആരോഗ്യങ്ങളെ കൂടി ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുകയാണ്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. പൊഴുതന, മേപ്പാടി, അമ്പലവയല്‍, വെളളമുണ്ട, എടവക, ചീരാല്‍, തൊണ്ടര്‍നാട്, ചെതലയം, കോട്ടത്തറ, പടിഞ്ഞാത്തറ, പാക്കം, ബേഗൂര്‍, കുറുക്കന്‍മൂല, വാഴവറ്റ, സുഗന്ധഗിരി എന്നീ ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. ഇതില്‍ പാക്കം, ബേഗൂര്‍, കുറുക്കന്‍മൂല, വാഴവറ്റ, സുഗന്ധഗിരി എന്നീ കേന്ദ്രങ്ങള്‍ക്ക് പുതിയ കെട്ടിടം പണിയേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ യോഗത്തില്‍ വ്യക്തമാക്കി. മറ്റിടങ്ങളില്‍ നിലവില്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ നവീകരണം നടത്തും. ഇതിനായി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി നിര്‍മ്മിതി കേന്ദ്ര സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറക്ക് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ ഒ.പി സൗകര്യം ലഭിക്കും. മൂന്ന് ഡോക്ടര്‍മാരും അനുബന്ധ ജീവനക്കാര്‍, ലാബ് സൗകര്യം എന്നിവയും ഉണ്ടാകും. നിലവില്‍ നൂല്‍പ്പുഴ, അപ്പപ്പാറ, പൂതാടി, വെങ്ങപ്പള്ളി എന്നിവ കുടുംബാരോഗ്യ കേന്ദ്രങ്ങലായി പ്രവര്‍ത്തിച്ചു വരുന്നത്. യോഗത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി. അഭിലാഷ് പദ്ധതികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."