അതിര്‍ത്തി നിര്‍ണയിക്കല്‍ വൈകുന്നു; ഭാരതപ്പുഴയോരത്ത് കരിയിടിച്ചില്‍ വ്യാപകമാകുന്നു
ആനക്കര: ഭാരതപ്പുഴയോരത്ത് കരിയിടിച്ചില്‍ വ്യാപകമാകുന്നു. പലേടത്തും പുഴയുടെ അതിര്‍ത്തി ഏതെന്ന് തന്നെ തിരിച്ചറിയാനാവാത്ത സ്ഥിതിയാണ്. ഇരു അതിര്‍ത്തികളിലും കരിങ്കല്‍ ഭിത്തി കെട്ടി പുഴയോരം കയ്യേറുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശം പരിസ്ഥിതി സ്‌നേഹികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെട്ട് വരുന്നതാണെങ്കിലും നടപ്പാകുന്നില്ല. റീസര്‍വെ നടത്തി പുഴയുടെ അതിര്‍ത്തികളില്‍ നഷ്ടപ്പെട്ട ഭാഗങ്ങള്‍ വീണ്ടെടുക്കണമെന്ന നിര്‍ദേശവും പാളുകയാണ്.
പുഴയുടെ വീതി കൂടിയ പ്രദേശങ്ങളിലാണ് കയ്യേറ്റം വ്യാപകം. വീതി കൂടിയ അതിര്‍ത്തികളില്‍ ചെറിയ രീതിയില്‍ കൃഷിയോ മറ്റോ തുടങ്ങി പിന്നീട് സ്ഥലം വളച്ചു കെട്ടി പലേടത്തും കയ്യേറുന്നുണ്ട്. പാലക്കാട് മുതല്‍ കുറ്റിപ്പുറം വരെ ഭാരതപ്പുഴക്ക് പൊതുവെ വീതി കുറവാണ്. എന്നാല്‍ കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെ പുഴക്ക് ഇരട്ടി വീതിയാണ്. ഇവിടങ്ങളില്‍ ഒഴുക്കിന് ശക്തി കുറയുന്നത് പുല്‍ക്കാടുകള്‍ വ്യാപകമായി മുളച്ചു പൊന്തുന്നതിനും കാരണമാകുന്നുണ്ട്. ഷൊര്‍ണൂര്‍ മുതല്‍ പട്ടാമ്പി വരെയുള്ള പുഴയുടെ ഭാഗങ്ങളില്‍ ചെറിയ കുറ്റിക്കാടുകള്‍ വ്യാപകമായി വളര്‍ന്നു നില്‍ക്കുന്നുണ്ട്. ഇവിടങ്ങളില്‍ വന്‍ മരങ്ങളും വളര്‍ന്നു നില്‍ക്കുന്നുണ്ട്.
കാലവര്‍ഷത്തില്‍ ഒലിച്ചു വരുന്ന ചെളി കെട്ടിനിന്നുണ്ടാകുന്ന മണല്‍ത്തിട്ടകളിലാണ് പുല്‍ക്കാടുകള്‍ രൂപപ്പെടുന്നത്. മണലെടുത്ത് കുഴിയാവുന്ന പുഴയില്‍ ചെളി അടിഞ്ഞു കൂടുന്നതും പതിവാണ്. പുഴയിലെ മണല്‍ ചെളിക്കൂനകളില്‍ ഇഴുകിച്ചേരുമ്പോള്‍ വലിയ മണല്‍ത്തിട്ടകളായി മാറുകയാണ്. പുഴയുടെ മധ്യഭാഗത്തായാണ് മണല്‍ത്തിട്ടകള്‍ രൂപപ്പെടുന്നത്. ഇത് മൂലം ഒഴുക്ക് ഇരുഭാഗത്ത് കൂടിയായി മാറുകയും, തീരം വ്യാപകമായി ഇടിയുകയും ചെയ്യുന്നുണ്ട്. തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കരയിടിച്ചില്‍ ഭീഷണിയാവുന്നുമുണ്ട്.
ഭാരതപ്പുഴ റീസര്‍വെ നടത്തി അതിര്‍ത്തി നിര്‍ണയിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഓരോ വര്‍ഷം ചെല്ലുന്തോറും പുഴപ്രദേശം വ്യാപകമായി കയ്യേറി നഷ്ടമാവുന്നുണ്ട്. അതിര്‍ത്തി നിര്‍ണയിച്ച് കരിങ്കല്‍ ഭിത്തി കെട്ടുകയാണ് വേണ്ടത്. അതോടൊപ്പം പുഴയെ മാലിന്യമുക്തമാക്കാനുള്ള പദ്ധതികളും ആവിഷ്‌ക്കരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."