ആര്‍.എസ്.പി ലെനിനിസ്റ്റില്‍ അമര്‍ഷം പുകയുന്നു: കുഞ്ഞുമോന് തിരിച്ചുവരാമെന്ന് എ.എ അസീസ്
രാജു ശ്രീധര്‍#
കൊല്ലം: എല്‍.ഡി.എഫ് വിപുലീകരണത്തില്‍നിന്ന് ആര്‍.എസ്.പി ലെനിനിസ്റ്റിനെ ഒഴിവാക്കിയത് വിവാദമായതോടെ ലെനിനിസ്റ്റിനായി മനസുതുറന്ന് ആര്‍.എസ്.പിയും. കോവൂര്‍ കുഞ്ഞുമോന് ആര്‍.എസ്പി.യിലേക്ക് തിരിച്ചുവരാമെന്നും ആരുവന്നാലും പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു.
എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്‍പ് എല്‍.ഡി.എഫില്‍ എടുക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ആര്‍.എസ്.പി ലെനിനിസ്റ്റ്. കൂടാതെ എല്‍.ഡി.എഫ് വിപുലീകരണത്തില്‍ അവഗണിച്ചതില്‍ കടുത്ത നിരാശയിലാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍. പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ കഴിഞ്ഞദിവസം ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇടതുമുന്നണി ചെയ്തത് കൊടും ചതിയാണെന്നായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടിയെ മുന്നണിയിലെടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് പ്രമുഖ നേതാക്കളുടെ അഭിപ്രായം.
മുന്നണി പ്രവേശനം മുന്നില്‍ക്കണ്ട് ചില ജില്ലാ സെക്രട്ടറിമാര്‍ ആര്‍.എസ്.പി വിട്ട് ലെനിനിസ്റ്റില്‍ ചേരാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു കുഞ്ഞുമോന്‍ നിയമസഭാംഗത്വം രാജിവച്ച് ആര്‍.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതുമുന്നണിക്കൊപ്പമെത്തിയത്. 2001 മുതല്‍ കുന്നത്തൂര്‍ സംവരണമണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ കുഞ്ഞുമോന്‍ ഇടതുമുന്നണിയുടെ പിന്തുണയോടെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചത്.
ഔദ്യോഗിക ആര്‍.എസ്.പി സ്ഥാനാര്‍ഥികള്‍ മല്‍സരിച്ച മൂന്നു സീറ്റുകളിലും പരാജയപ്പെട്ടപ്പോള്‍ നിയമസഭയില്‍ കുഞ്ഞുമോന്‍ ആര്‍.എസ്.പിയുടെ പേര് നിലനിര്‍ത്തി.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യു.ഡി.എഫിലെത്തിയ ആര്‍.എസ്.പിയില്‍ അന്ന് മുന്നണിയിലുണ്ടായിരുന്ന ഷിബു ബേബി ജോണിന്റെ വിഭാഗം ലയിക്കുകയും ചെയ്തു. മന്ത്രിയായിരുന്ന ഷിബു ബേബി ജോണിനെ കൂടാതെ എ.എ അസീസും കോവൂര്‍ കുഞ്ഞുമോനുമായിരുന്നു പാര്‍ട്ടി എം.എല്‍.എമാര്‍.
തുടര്‍ന്ന് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കോവൂര്‍ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചെങ്കിലും കുഞ്ഞുമോന്‍ രാജിവച്ച് എല്‍.ഡി.എഫിനൊപ്പം ചേരുകയായിരുന്നു. കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍, ഇരവിപുരം, ചവറ, കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ നിയോജകമണ്ഡലങ്ങളിലെ ആര്‍.എസ്.പി കേന്ദ്രങ്ങളില്‍ ആര്‍.എസ്.പി ലെനിനിസ്റ്റിനും ശക്തമായ സ്വാധീനമുണ്ട്.
എന്നാല്‍, മാതൃസംഘടനയിലേക്കുള്ള തിരിച്ചുപോക്ക് ഇപ്പോള്‍ ചര്‍ച്ചയിലില്ലെന്നാണ് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മല്‍സരം നടക്കുന്ന കൊല്ലത്ത് ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ വോട്ടുകളും നിര്‍ണായകമാണ്.
മുന്നണി പ്രവേശന കാര്യത്തില്‍ അനുകൂലമായ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ തീരുമാനം എടുക്കുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ പറഞ്ഞു. ജനുവരി നാലിന് ചേരുന്ന സംസ്ഥാനകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണി പ്രവേശനത്തില്‍ എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്താനും നീക്കം നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."