സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ജില്ലയൊരുങ്ങി
ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ ജില്ലയൊരുങ്ങി. ജില്ലാതലത്തിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും ആഘോഷങ്ങള്‍ നടക്കും.
നാളെ രാവിലെ 8.30ന് ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പു മന്ത്രി ജി. സുധാകരന് ദേശീതപതാക ഉയര്‍ത്തും. വിവിധ ട്രൂപ്പുകളുടെ സ്വാതന്ത്ര്യദിന പരേഡ് പരിശോധിക്കുന്ന മന്ത്രി പരേഡില്‍ അഭിവാദ്യം സ്വീകരിക്കും. തുടര്‍ന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
പൊലിസ്, എക്സൈസ്, എന്‍.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്സ്, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ് ക്രോസ്, കബ്സ്, ബുള്‍ബുള്‍ എന്നിവയുടെ 28 പ്ലാറ്റൂണുകളും ഒമ്പത് ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ പങ്കെടുക്കും.
പരേഡ് കമാന്‍ഡര്‍ ആര്. ബാലന്റെ നേതൃത്വത്തിലാണ് പരേഡ് നടക്കുക.
മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അര്‍ഹരായ ഡെപ്യൂട്ടി കമാന്‍ഡന്റ് കെ. അനിയന്, എ.എസ്്.ഐ വി.എസ് സുരേഷ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബി. സുരേഷ് കൃഷ്ണ, വൈ. ഇല്ല്യാസ്, ആര്. മോഹന കുമാര്‍, പി.കെ. അനില്‍കുമാര്‍, പ്രതാപചന്ദ്ര മേനോന്, കെ. കുഞ്ഞുമോന് എന്നിവര്‍ക്ക് ചടങ്ങില്‍ മെഡല്‍ സമ്മാനിക്കും.
മികച്ച ട്രൂപ്പുകള്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്യും. സായുധസേനാ പതാകദിന നിധിയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവന ചെയ്ത വിദ്യാഭ്യാസസ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി ഇഗ്ലീഷ് മീഡിയം എച്ച്.എസ്.എസിനും സര്‍ക്കാര്‍ സ്ഥാപനമായ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിനുമുള്ള ട്രോഫികളും സമ്മാനിക്കും. ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തലത്തിലും സ്വാതന്ത്ര്യദിനാഘോഷം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."