മത്സ്യോത്സവം: തൊഴിലാളികളെ കബളിപ്പിക്കാനെന്നു കെ.സി വേണുഗോപാല്‍
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണെന്ന വ്യാജേന ജില്ലകള്‍ തോറും മത്സ്യോത്സവങ്ങള്‍ നടത്തി എല്‍.ഡി.എഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് കെ.സി വേണുഗോപാല്‍ എം.പി.
എ.പി.എല്‍ കാര്‍ഡുടമകളെ ബി.പി.എല്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ അദാലത്തുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഫലമായി ഒരു മത്സ്യത്തൊഴിലാളിക്കും പ്രയോജനം ലഭിക്കുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാമെടുത്തിരുന്നെങ്കിലും അത് ഈ സര്‍ക്കാര്‍ അട്ടിമറിച്ചു.
മത്സ്യത്തൊഴിലാളി ഭവന പദ്ധതിയും അട്ടിമറിക്കപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയിരുന്ന പെന്‍ഷനും വ്യാപകമായി മുടങ്ങി. മത്സ്യത്തൊഴിലാളി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും മുടങ്ങികിടക്കുകയാണ്.
മത്സ്യത്തൊഴിലാളി സമൂഹത്തോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ മുടങ്ങിക്കിടക്കുന്ന പെന്‍ഷനും കടാശ്വാസവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ശ്രമിക്കണമെന്നും അല്ലാതെ ജനങ്ങളെ കബളിപ്പിക്കുന്ന ആര്‍ക്കും ഗുണമില്ലാത്ത പരിപാടികള്‍ നടത്തുകയല്ല വേണ്ടതെന്നും എം.പി പ്രസ്താവനയിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."