മത്സ്യോത്സവത്തിലെ അക്വാ ഷോയും പ്രദര്‍ശനവും ആകര്‍ഷകമായി
ആലപ്പുഴ: മത്സ്യോത്സവ വേദിയില്‍ ആയിരങ്ങളെ ആകര്‍ഷിച്ച് അക്വാഷോയും പ്രദര്‍ശനവും തുടങ്ങി. ആദ്യ ദിവസം തന്നെ നിരവധിപേര്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തി. നഗരചത്വരത്തില്‍ ഇനി മൂന്നു നാള്‍ നഗരവാസികള്‍ക്ക് മത്സ്യമേഖലയെക്കുറിച്ചുള്ള അറിവ് പകരുന്ന പ്രദര്‍ശനവും വിവിധയിനം മത്സ്യോല്‍പ്പങ്ങളുടെ ഭക്ഷ്യമേള ഉള്‍പ്പടെ കണ്ണിനും നാവിനും രുചി പകരുന്ന ഘടകങ്ങള്‍ ഏറെയാണ്.
സാഫ് തീരമൈത്രി, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ വിജയത്തിളക്കത്തിന്റെ മുദ്രണം ഓരോ സ്റ്റാളിലും അനുഭവിച്ചറിയാം. പ്രദര്‍ശന നഗരിയുടെ ഒരു ഭാഗത്ത് വിവിധ ഏജന്‍സികളുടെ മത്സ്യവിജ്ഞാനം പകരുന്ന സ്റ്റാളുകളാണുള്ളത്.
മത്സ്യഫെഡ്, സി.എം.എഫ്.ആര്‍.ഐ, എം.പി.ഇ.ഡി.എ, നിഫ്പാറ്റ്, അഡാക്, മത്സ്യകര്‍ഷക വികസന ഏജന്‍സി, മത്സ്യതൊഴിലാളി ക്ഷേമനിധി, ഫിര്‍മ, സിഫ്ട്, തീരദേശ വികസന കോര്‍പറേഷന്‍, കുഫോസ്, സാഫ് തീരമൈത്രി തുടങ്ങി ഈരംഗത്തെ ഏജന്‍സികളെല്ലാം പ്രദര്‍ശനഗരിയില്‍ എത്തിയിട്ടുണ്ട്.
മത്സ്യമേഖലയില്‍ നടപ്പാക്കുന്ന ഗവേഷണം, സാധാരണ മീന്‍ പിടിക്കുതിനുപയോഗിക്കു വലകള്‍, വഞ്ചികള്‍, പുതിയ രീതിയില്‍ മത്സ്യകൃഷിക്കുപയോഗിക്കുന്ന കൂടുകള്‍ തുടങ്ങി വിപുലമായ അറിവാണ് ഇവിടെ ലഭ്യമാകുന്നത്. ഒപ്പം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയും വിപുലമായ പുസ്തക ശേഖരവും ഒരുക്കിയിട്ടുണ്ട്.
അക്വാഷോയില്‍ വിവിധയിനം ശുദ്ധജല മത്സ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും പ്രദര്‍ശനമാണ്. അലിഗേറ്റര്‍, അരോവന, പീകോക് സിക്ലിട്, ടിന്‍ഫോയില്‍ ബാര്‍ബ്, ഗപ്പി, കോയി കാര്‍പ്പ് തുടങ്ങി വിവിധയിനം അലങ്കാരമത്സ്യങ്ങളുണ്ട്. പൂമീന്‍, ഗ്രൂപ്പര്‍, കണമ്പ്, കരിമീന്‍, ഞണ്ട്, പകരിമീന്‍, കാളാഞ്ചി, കാരചെമ്മീന്‍ എന്നിവയുടള്‍പ്പടെ ധാരാളം ശുദ്ധജല മത്സ്യങ്ങളെയും കാണാം.
നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ നിരവധി വിദേശികളും പ്രദര്‍ശനം കാണാനെത്തി. പല സ്റ്റാളുകളും പ്രതീക്ഷതിനേക്കാള്‍ തിരക്ക് അനുഭവപ്പെട്ടതോടെ ഭക്ഷണത്തിനായി ഒരുക്കിയ വിഭവങ്ങള്‍ ഉച്ചയോടെ തീര്‍ന്നു.
എന്നാല്‍ അടുക്കളയില്‍ ഉടനടി പാകം ഭക്ഷണം ചെയ്യാന്‍ സംവിധാനമുണ്ടായിരുതിനാല്‍ പ്രയാസങ്ങളുണ്ടായിരുന്നില്ല.
ചുരുങ്ങിയ വിലയില്‍ നല്ല ഭക്ഷണം ഒരുക്കിയിരുന്നതിനാല്‍ ഉച്ചഭക്ഷണം പ്രദര്‍ശന നഗരിയിലാക്കിയവരുമുണ്ട്. മത്സ്യോത്സവം സ്വാതന്ത്ര്യദിനം വരെ തുടരുന്നതിനാല്‍ ഇനിയുള്ള രണ്ടു ദിവസവും നഗരവാസികളുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ വിഭവങ്ങള്‍ കരുതിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ഓരോ സ്റ്റാളുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."