മത്സ്യത്തൊഴിലാളികളെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി മേഴ്സിക്കുട്ടിയമ്മ
ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും റേഷന്‍കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ സംഘടിപ്പിച്ച മത്സ്യോത്സവത്തിന്റെയും മത്സ്യഅദാലത്തിന്റെയും ഉദ്ഘാടന ചടങ്ങില്‍ ആധ്യക്ഷ്യയായി സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെയും മത്സ്യകര്‍ഷകരുടെയും പരാതികള്‍ പരിഹരിക്കുന്നതിന് സംഘടിപ്പിച്ച അദാലത്തില്‍ ആറായിരത്തിലധികം പരാതികളാണ് റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനായി ലഭിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
റേഷന്‍കാര്‍ഡ് മാറ്റുന്നതിനുള്ള നടപടികള്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പുനേരിട്ടു തന്നെ സ്വീകരിക്കും. പിന്നാക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും പഴയ പദ്ധതികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരുകയാണ്. മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ പുരോഗതിയിലാണ്.
ജലാശയങ്ങളിലെ ആവാസ വ്യവസ്ഥ മെച്ചപ്പടുത്തുന്നതിന് ശാസ്ത്രീയമായ ഇടപെടല്‍ നടത്തും. ഇതിനായി മറൈന്‍ ഫിഷിങ് നിയമത്തില്‍ ഭേദഗതി വരുത്തും. ഓഗസ്റ്റ് 24ന് ഈ നിയമം നിയമസഭയില്‍ പാസാക്കും. ട്രേഡ് യൂനിയനുകളുടേയും സഹകരണ സംഘങ്ങളുടെയും സഹകരണം ഇതിനാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
ബോട്ട് യാര്‍ഡുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും. കുടുതല്‍ സുരക്ഷിതവും കരുത്തുള്ളതുമായ മത്സ്യബന്ധന ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്യും. ചെറു മത്സ്യങ്ങള്‍ക്ക് സ്വയമേ ഇറങ്ങിപ്പോകാന്‍ പറ്റുന്ന സ്‌ക്വയര്‍ മെഷ് നെറ്റ് കെട്ടാത്ത വലകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹാര്‍ബറുകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഹാര്‍ബറുകളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും. മത്സ്യബന്ധന യാനങ്ങള്‍ക്ക് സൗകര്യ പ്രദമായി അടുക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിന് ഐ.ആര്‍.ഇ.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളി ഹാര്‍ബര്‍ വികസനത്തിന് പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തോട്ടപ്പള്ളിയില്‍ 68 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."