അഷ്ടമുടിക്കായല്‍ മലിനീകരണം: കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും നോട്ടിസ്
കൊല്ലം: അഷ്ടമുടി കായല്‍ മലിനീകരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് കൊല്ലം ലീഗല്‍ സര്‍വിസസ് അതോറിറ്റി മുന്‍പാകെ അഭിഭാഷകരായ ബോറിസ് പോള്‍, വി.ഐ രാഹുല്‍ എന്നിവര്‍ ബോധിപ്പിച്ച കേസില്‍ കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ എതിര്‍കക്ഷികളാക്കി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റി, സംസ്ഥാന വെറ്റ്‌ലാന്‍ഡ് അതോറിറ്റി, ഡി.ടി.പി.സി, ഇന്‍ലന്‍ഡ് നാവിഗേഷന്‍ വകുപ്പ്, ജലസേചന വകുപ്പ് എന്നിവരെയും എതിര്‍കക്ഷികളാക്കി നോട്ടീസയക്കും. ഇന്നലെ അതോറിറ്റി കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ഹാജരായി. ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌കരണ സംവിധാനത്തിന്റെ നിര്‍മാണ പുരോഗതി ബോധ്യപ്പെടുത്തി. ഇത് പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആശുപത്രി മാലിന്യം കായലില്‍ എത്തില്ലെന്ന് ഉറപ്പു വരുത്താനാകുമെന്ന് അവര്‍ അറിയിച്ചു. ലിങ്ക് റോഡിനു സമീപം കായലോരത്തെ അനധികൃത മദ്യവിതരണം ശ്രദ്ധയില്‍പെട്ടതായും മദ്യക്കുപ്പികളും മറ്റും കായലില്‍ തള്ളുന്ന വിവരവും അതോറിറ്റി സബ് ജഡ്ജ് സുധാകാന്ത് പൈ അധികൃതരെ അറിയിച്ചു. ഇക്കാര്യത്തില്‍ പൊലിസിന് പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും സബ് ജഡ്ജ് അറിയിച്ചു. കായല്‍ സംരക്ഷണത്തിന് വേലി കെട്ടി കായലോരത്തു വിശ്രമകേന്ദ്രം ഉള്‍പ്പടെയുള്ള പാര്‍ക്ക് സംവിധാനത്തെക്കുറിച്ച് ആലോചിക്കാനും അതോറിറ്റി അധികൃതരോട് നിര്‍ദേശിച്ചു. തുടര്‍നടപടിയുടെ ഭാഗമായി എതിര്‍കക്ഷികള്‍ക്കു മറുപടി ബോധിപ്പിക്കാനായി കേസ് ജനുവരി 25ന് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."