തിടനാട് സ്‌കൂളില്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറി കൃഷി ആരംഭിച്ചു
ഈരാറ്റുപേട്ട: തിടനാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണസദ്യയ്ക്കുള്ള പച്ചക്കറിക്കൃഷി ആരംഭിച്ചു. വിഷരഹിത പച്ചക്കറികള്‍ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കൃഷി വകുപ്പില്‍നിന്ന് ലഭിച്ച മേല്‍ത്തരം വിത്തിനങ്ങളാണ് തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിനായി ഉപയോഗിച്ചത്.
കൃഷി പാഠ്യപദ്ധതിയുടെ പ്രധാന ഭാഗമായിട്ടുള്ള സ്‌കൂളിലെ ഓരോ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കും കൃഷിപാഠങ്ങള്‍ക്കായി പ്രത്യേകം സ്ഥലങ്ങള്‍ തിരിച്ചു നല്‍കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ പരിപാടിയുടെ ഭാഗമായുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി പരമാവധി നാടന്‍ പച്ചക്കറി ഇനങ്ങളും കാംപസില്‍ കൃഷിയിറക്കിയിട്ടുണ്ട്. തുള്ളിനന സംവിധാനം ഒരുക്കുന്നതിനായി പ്രത്യേകം തയാര്‍ചെയ്ത തവരണകളിലാണ് ഇവര്‍ കൃഷിയിറക്കിയിട്ടുള്ളത്.
യുവതലമുറയില്‍ അന്യമാകുന്ന കാര്‍ഷിക സംസ്‌കാരം സംരക്ഷിക്കുന്നതിനും കുട്ടികളെ നന്മയില്‍ നിലനിര്‍ത്തുന്നതിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സാവിയോ പറഞ്ഞു. പ്രിന്‍സിപ്പല്‍ മാനുവല്‍ അലക്‌സ്, ഹെഡ്മിസ്ട്രസ് എസ്. ജയശ്രീ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.എച്ച് അന്‍സാരി, നൈജ നായര്‍, തോമസ് ജോണ്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."