മാലിന്യ പ്രശ്നം: ഇതരസംസ്ഥാന തൊഴിലാളികളെ ഇന്ന് ഒഴിപ്പിക്കും
തലശ്ശേരി: ചേറ്റംകുന്നിലെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ ഒഴിപ്പിക്കും. അഞ്ചോ പത്തോ പേര്‍ക്ക് താമസിക്കാവുന്ന കെട്ടിയുണ്ടാക്കിയ ഇവിടുത്തെ കൂരയില്‍ സ്ത്രീകളടക്കം അമ്പതോളംപേര്‍ താമസിക്കുന്നുണ്ട്.
പ്രദേശത്ത് മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടര്‍ന്നതോടെ ഇതേപ്പറ്റി സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. പരിസരം മാലിന്യ കൂമ്പാരമാണ്. മുറികള്‍ പ്ലൈവുഡ് കൊണ്ട് വേര്‍തിരിച്ച് കൂടുതല്‍ മുറികളൊരുക്കിയാണ് ഇവിടെ തൊഴിലാളികള്‍ താമസിക്കുന്നത്.
ഇതുകൂടാതെ വീടിന് പുറകില്‍ സിമന്റ് കല്ലും പലകയും കൊണ്ട് മുറികള്‍ കൂട്ടിയെടുത്തും മുറികളുണ്ടാക്കിയിട്ടുണ്ട്.
നഗരസഭയുടെ അനുമതിയില്ലാത്ത നിര്‍മാണങ്ങളാണ് ഇവിടെ നടത്തിയിരുന്നതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഓരോരുത്തരില്‍ നിന്നും ആയിരം രൂപയാണ് വാടകയായി ഈടാക്കുന്നത്. ഇത്രയും പേര്‍ക്ക് ഒരു കക്കൂസ് മാത്രമാണ് ഇവിടെയുള്ളത്.
ഇവിടെ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യുന്നത് മുറ്റത്തും പറമ്പിലുമാണെന്നും പരാതിയുണ്ട്. ഗുഡ്സ്ഷെഡ് റോഡില്‍ ചേറ്റംകുന്നിലേക്കുള്ള റോഡിന് എതിര്‍വശത്തും മറുനാടന്‍ തൊഴിലാളികളെ അനാരോഗ്യകരമായ ചുറ്റുപാടിലാണ് താമസിപ്പിച്ചിരുന്നത്. ഇവരെയെല്ലാം ഒഴിപ്പിക്കാന്‍ ഒരാഴ്ച മുമ്പാണ് നഗരസഭ നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."