കായിക പരിശീലനവുമായി പൊലിസിനൊപ്പം സ്‌കൂളും
ഇരിട്ടി: പൊലിസ് ജോലിക്കായി പി.എസ്.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന യുവാക്കള്‍ക്കു കായിക പരിശീലനത്തിന്റെ ശാസ്ത്രീയവഴിയുമായി മുഴക്കുന്ന് പൊലിസും പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും. മുഴക്കുന്ന് പഞ്ചായത്ത് പരിധിയിലെ നാല്‍പ്പതോളം യുവാക്കള്‍ക്കാണു സ്‌കൂള്‍ ഗ്രൗണ്ടില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ ഏഴുരെ ശാസ്ത്രീയ കായിക പരിശീലനം നല്‍കുന്നത്. മുഴക്കുന്ന് എസ്.ഐ പി. വിജേഷ് മുന്നോട്ടുവച്ച ഈ ആശയം പാല സ്‌കൂളിലെ കായികാധ്യാപകന്‍ കെ. റമീസ് ഏറ്റെടുക്കുകയായിരുന്നു.
ദീര്‍ഘദൂരഓട്ടം, ലോങ്ജംപ്, ഹൈജംപ്, റോപ് ക്ലൈമ്പിങ്, ക്രിക്കറ്റ് ബോള്‍ ത്രോ, ഷോട്ട്പുട്ട്, പുള്‍ അപ്പ് തുടങ്ങി പൊലിസിന്റെ കായിക ക്ഷമതാ പരീക്ഷയില്‍ ഉള്‍പ്പെട്ട ഇനങ്ങള്‍ക്കാണു സജീവ പരിശീലനം നല്‍കുന്നത്. ഇതോടൊപ്പം യോഗയും നീന്തലും പ്രത്യേക വ്യായാമങ്ങളും നല്‍കുന്നുണ്ട്.
പി.എസ്.സി എഴുത്തുപരീക്ഷ വിജയിച്ചാലും കായിക പരീക്ഷയില്‍ പരാജിതരാവുന്ന സ്ഥിതി ഒഴിവാക്കി സ്ഥിരം ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന ഈ പരിപാടിയിലേക്കു കൂടുതല്‍ പേര്‍ കടന്നുവരുന്നുണ്ട്. മികച്ച പ്രതികരണമാണു പരിപാടിക്കു ലഭിച്ചുവരുന്നത്.
പരിശീലനം സി.ഐ രാജീവന്‍ വലിയവളപ്പില്‍ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷനായി. എസ്‌ഐ പി. വിജേഷ്, വി.വി. വിനോദ്, കെ. റമീസ് സംസാരിച്ചു. താല്‍പര്യമുള്ളവര്‍ 9895314408 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."