അധ്യയനം വൈകുന്നു; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
പൊന്നാനി: വിദ്യാര്‍ഥി അക്രമത്തെത്തുടര്‍ന്ന് അടച്ചിട്ട പൊന്നാനി എം.ഇ.എസ് കോളജ് തുറക്കാന്‍ വൈകുന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കയാവുന്നു. ഒരാഴ്ച മുന്‍പാണ് എം.ഇ.എസ് കോളജില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലുടെ ഓഫിസ് ഉള്‍പ്പെടെ അടിച്ചു തകര്‍ത്തത്.
എസ്.എഫ്.ഐ വിദ്യാര്‍ഥികളുടെ നടപടിയെത്തുടര്‍ന്ന് മറ്റു വിദ്യാര്‍ഥി സംഘടനകള്‍ മുതലെടുപ്പിന് തുനിയുകയും ചെയ്തു. സംഭവത്തില്‍ ആറു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
ഇതിനിടെ സി.പി.എം അനുഭാവികളായ പി. ടി.എ അംഗങ്ങളെ വിളിച്ചു ചേര്‍ത്ത് സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ യോഗം ചേര്‍ന്നിരുന്നു. മാനേജ്മെന്റിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള നീക്കത്തിലാണ് സി.പി.എം നേതൃത്വം. ഇതിന്റെ ഭാഗമായി കോളജിന്റെ വിദ്യാര്‍ഥി പ്രവേശനത്തിലും അധ്യാപക നിയമനത്തിലും നടന്ന അഴിമതിക്കെതിരേ ശക്തമായ നടപടിക്ക് സി.പി.എം മുന്‍കൈയെടുക്കും.
സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും, പി.ടി.എ യോഗം വിളിച്ചു ചേര്‍ക്കാത്തതില്‍ അംഗങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കേസെടുത്ത വിദ്യാര്‍ഥികളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാനും സംഭവത്തെക്കുറിച്ച് പഠിക്കാനും എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്ഥികള്ക്കെതിരേ സംഘടനാ തലത്തില്‍ നടപടി കൈക്കൊള്ളുക.
എന്നാല്‍ മാനേജ്മെന്റ് തുടര്‍ച്ചയായി എസ്.എഫ്.ഐ.ക്കെതിരെ നിരന്തരമായി പ്രവര്‍ത്തിക്കന്നതായി വിദ്യാര്‍ഥികളെ പ്രകോപിപ്പിച്ചതെന്നാണ് സി.പി.എം നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."