വര്‍ക്കല സി.എച്ച് മുഹമ്മദ് കോളജിന് അല്‍ ഖാഇദ ബന്ധമെന്ന ജനം ടി.വിയുടെ വാര്‍ത്ത വ്യാജമെന്ന് പൊലിസ്
വര്‍ക്കല: വര്‍ക്കല സി.എച്ച് മുഹമ്മദ് കോളജിന് ഭീകരസംഘടനയായ അല്‍ ഖാഇദയുമായി ബന്ധമുണ്ടെന്ന ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലിസ്. കോളജ് അധികൃതരും ജനം ടി.വി നല്‍കിയ വാര്‍ത്ത നിഷേധിച്ചു. വാര്‍ത്തയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.
' കേരളത്തില്‍ ഐ.എസ് അല്‍ ഖ്വയ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകരസംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ഥികളുടെ പ്രകടനം' എന്ന തലക്കെട്ടോടെയാണ് കോളജിനെതിരേ ജനം ടി.വി ഇന്ന് അവരുടെ ബിഗ് ബ്രേക്കിങായി വാര്‍ത്ത പുറത്തുവിട്ടത്.
വിദ്യാര്‍ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാംപസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്. കോളേജ് ടോയ്‌ലറ്റിലെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.
ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണ് ജനം ടിവി നല്‍കികൊണ്ടിരിക്കുന്നതെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. 2018 മാര്‍ച്ച് 14ാം തിയ്യതി കോളേജ് വാര്‍ഷിക ദിനത്തിന് എടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സിനിമാ താരം സലീം കുമാറായിരുന്നു ഉദ്ഘാടനം. സലീം കുമാര്‍ കറുത്ത വേഷത്തിലാണ് എത്തുന്നതറിഞ്ഞ പെണ്‍കുട്ടികള്‍ കറുത്ത ചുരിദാറും ആണ്‍കുട്ടികള്‍ തലയില്‍ കെട്ടും കറുത്ത ഷര്‍ട്ടും ലുങ്കിയുമൊക്കെ ധരിച്ചാണ് വന്നത്. ഈ ചിത്രങ്ങളാണ് ജനം ടി.വി ഇപ്പോള്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.
കോളേജ് ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ തരത്തിലുള്ള ചിത്രം വരെ വരച്ചുവെച്ചിട്ടുണ്ട്. കോളേജ് അധികൃതര്‍ ഇടയ്ക്കിടക്ക് പരിശോധന നടത്താറുണ്ട്. സി.സി.ടി.വിയൊന്നും ടോയ്‌ലറ്റിനകത്ത് സ്ഥാപിക്കാന്‍ പറ്റില്ലല്ലോ. കഴിഞ്ഞ തവണ എം.എ പരീക്ഷയിലും കോളേജിന് റാങ്കുണ്ടായിരുന്നു. ഇത്തരത്തില്‍ ഞങ്ങളുടെ കോളേജ് നല്ല നിലയില്‍ പോകുന്നത് കണ്ട് ബുദ്ധിമുട്ടുന്ന തത്പര കക്ഷികളാണ് ഇത്തരം പ്രചരണങ്ങളുമായി രംഗത്തെത്തുന്നത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടായിരിക്കാം ജനം ടി.വി ഇത്തരമൊരു വാര്‍ത്ത നല്‍കാന്‍ കാരണമെന്നും കോളജ് അധികൃതര്‍ അറിയിച്ചു.ഇന്റലിജന്‍സ് ഡി.ജി.പിയും ഇന്റലിജന്‍സ് എസ്.പിയും വിളിച്ചിരുന്നു. ഞങ്ങള്‍ നല്‍കിയ വിശദീകരണം അവര്‍ക്കെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. ജനം ടി.വിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."