മുരുകന്റെ മരണം മെഡിക്കല്‍ കോളജ് റിപ്പോര്‍ട്ടും അന്വേഷണപരിധിയില്‍
തിരുവനന്തപുരം: മുരുകനെ മരണത്തിലേക്ക് തള്ളിവിട്ട ഡോക്ടര്‍മാരെ ന്യായീകരിക്കുന്ന തരത്തിലുള്ള മെഡിക്കല്‍ കോളജിന്റെ റിപ്പോര്‍ട്ടില്‍ അന്വേഷണസംഘത്തിന് സംശയം. അന്വേഷണം നടക്കുമ്പോള്‍ ഡോക്ടര്‍മാരെ കുറ്റവിമുക്തരാക്കിയുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഉചിതമല്ലെന്നാണ് പൊലിസ് കരുതുന്നത്. അതിനാല്‍ റിപ്പോര്‍ട്ടും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ പൊലിസ് തീരുമാനിച്ചു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാന്‍ കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അജിതാ ബീഗം ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. മുരുകന് ചികിത്സ നിഷേധിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെ ന്യായീകരിച്ചും ജീവന്‍രക്ഷിക്കാന്‍ ശ്രമിച്ചവരെ കുറ്റപ്പെടുത്തിയും കൊണ്ടുള്ള മെഡിക്കല്‍ കോളജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍, അന്വേഷണത്തിന് വിദഗ്ധ സമിതിയുടെ സഹായം പൊലിസ് തേടിയിരിക്കുമ്പോഴാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മുരുകന്‍ മരിച്ച ദിവസം ആശുപത്രികളിലെ വെന്‍ിലേറ്ററില്‍ കിടന്നിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനും പൊലിസ് തീരുമാനിച്ചു. സംഭവം നടന്ന രാത്രി എല്ലാ വെന്റിലേറ്ററിലും രോഗികളുണ്ടായിരുന്നുവെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെയും മെഡിസിറ്റി മെഡിക്കല്‍ കോളജിന്റെയും വാദം. ഇതേത്തുടര്‍ന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ശ്രീകുമാരിയെയും അന്നു ഡ്യൂട്ടിയിലുണ്ടായിരുന്നവരെയും പൊലിസ് സംഘം ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."