ഉഴവൂര്‍ വിജയന്റെ മരണം: ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഡിവൈ.എസ്.പി ഉജ്ജ്വല്കുമാറാണ് മൊഴിയെടുത്തത്.
വിജയന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പായ്ച്ചിറ നവാസ് പരാതി നല്‍കിയിരുന്നു. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പറേഷന് ചെയര്‍മാനും എന്‍.സി.പി നേതാവുമായ സുല്‍ഫിക്കര്‍ മയൂരി മരണത്തിന് തൊട്ടുമുന്‍പുള്ള ദിവസം വിജയനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയതിന്റെ ശബ്ദരേഖ, ഉഴവൂര്‍ വിജയനുമായുള്ള സൗഹൃദബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ നവാസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അടി കൊടുക്കുമെന്നും കൊല്ലുമെന്നും വേണമെങ്കില്‍ രണ്ടോ മൂന്നോ കോടി മുടക്കാന്‍ ബുദ്ധിമുട്ടില്ലെന്നുമാണ് നവാസ് കൈമാറിയ ശബ്ദരേഖയിലുള്ളത്. ഇത് ശാസ്ത്രീയമായി പരിശോധിച്ചശേഷം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഐ.ജി എസ്.ശ്രീജിത്ത്, ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.
ഭാര്യയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും കായംകുളത്തെ ഗൃഹപ്രവേശനത്തിലും പങ്കെടുത്തശേഷം എന്‍.സി.പി പ്രവര്‍ത്തകരായ സതീഷ്, നിതിന്‍ എന്നിവര്‍ക്കൊപ്പം മടങ്ങവെയാണ് സുല്‍ഫിക്കര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദം കൂടിയ വിജയനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. സുല്‍ഫിക്കറിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നാണ് നവാസിന്റെ പരാതിയിലുള്ളത്.
മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയും ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം റോജോ ജോസഫും ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."