മുടിയില്‍ നിന്ന് ജൈവവളം നിര്‍മിക്കുന്ന സാങ്കേതികവിദ്യയുമായി കാര്‍ഷിക സര്‍വകലാശാല
തൃശൂര്‍: മുടിയില്‍ നിന്ന് ജൈവ വളവുമായി കാര്‍ഷിക സര്‍വകലാശാല. രണ്ടുവര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് മുടിയില്‍ നിന്ന് ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന ലിക്വിഡ് രൂപത്തിലുള്ള വളം ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും പുറന്തള്ളുന്ന ടണ്‍ കണക്കിന് മുടി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് പോലെ അനേക വര്‍ഷങ്ങള്‍ ഭൂമിയില്‍ അഴുകാതെ അവശേഷിക്കുന്ന മുടി വെള്ളക്കെട്ടിനും നീരൊഴുക്കു തടസപ്പെടുത്തുന്നതിനും കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുടി വളമാക്കുന്നതിനെക്കുറിച്ച് ഗവേഷണം ആരംഭിച്ചത്.
ഒരു കിലോഗ്രാം മുടി താപ, രാസ പ്രക്രിയകള്‍ വഴി ഒന്നര ലിറ്റര്‍ ദ്രവരൂപത്തിലുള്ള വളമാക്കി മാറ്റാമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫ. ഡോ.ഡി. ഗിരിജയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തി. മുടിയില്‍ നിന്നുള്ള ഒരു ലിറ്റര്‍ വളത്തില്‍ ഒന്‍പത് ഗ്രാം പാക്യജനകം, അഞ്ച് ഗ്രാം പൊട്ടാസ്യം, 20 മില്ലിഗ്രാം കാത്സ്യം, മൂന്ന് മില്ലിഗ്രാം മഗ്നീഷ്യം, 72 മില്ലിഗ്രാം സള്‍ഫര്‍, 3.3 മില്ലിഗ്രാം സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ചീര, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ മുടിയില്‍ നിന്നുള്ള വളപ്രയോഗം സാധാരണ പരിപാലന മുറകളേക്കാള്‍ അധികം ഉല്‍പാദനത്തിനു വഴിയൊരുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോ.പി. രാജേന്ദ്രന്റെ നിര്‍ദേശ പ്രകാരം നടത്തിയ ഗവേഷണത്തില്‍ പ്രൊഫ. ഡോ.പി. സുരേഷ് കുമാര്‍, പ്രൊഫ. ഡോ.പി.ആര്‍ ജയന്‍, ഡോ. ലിഡിയ എം. തോമസ്, ഡോ. പി.എസ് പഞ്ചമി എന്നിവര്‍ പങ്കാളികളായിരുന്നു. സാങ്കേതിക വിദ്യ വൈഗ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തിറക്കി. ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ ജന. സെക്രട്ടറി യു.എന്‍ തമ്പി മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് ആദ്യ ഉല്‍പന്നം ഏറ്റു വാങ്ങി. മന്ത്രി വി.എസ് സുനില്‍കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."