സര്‍ക്കാര്‍ ഓഫിസുകള്‍ ഇനി മുതല്‍ പ്രവാസി സൗഹൃദമാകും
ടി.കെ ജോഷി
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും ഇനി മുതല്‍ പ്രവാസി സൗഹൃദമാകും. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് വിവിധ വകുപ്പുകള്‍ക്ക് ഉത്തരവു നല്‍കി. ഇതു പ്രകാരം അതത് വകുപ്പ് തലവന്‍മാര്‍ താഴെയുള്ള വകുപ്പ് മേധാവികള്‍ക്ക് ഉത്തരവു നല്‍കിയിട്ടുണ്ട്.പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച് സമര്‍പ്പിച്ച ആറാമത് റിപ്പോര്‍ട്ടിലെ 32 -ാം ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ഓഫിസുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
നിശ്ചിത കാലത്തെ അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് നിരവധി വിഷയങ്ങളില്‍ സമയബന്ധിതമായി തീര്‍ക്കേണ്ടതുണ്ടെങ്കിലും പല സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും കൃത്യസമയത്ത് രേഖകളും മറ്റും ലഭിക്കാത്തതിനാല്‍ പലരും പ്രതിസന്ധിയിലാകാറുണ്ടായിരുന്നു. ഇതിനാല്‍ മടക്കയാത്രയോ രേഖകള്‍ ശരിയാക്കലോ പിന്നത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരുന്നത് പതിവായിരുന്നു. ചികിത്സക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടും നേരിട്ടിരുന്നു. നിശ്ചിത കാലപരിധിക്കുള്ളില്‍ ശസ്ത്രക്രിയകള്‍ നടക്കാത്തതിനാല്‍ വന്‍ തുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതും പതിവായിരുന്നു.
പുതിയ ഉത്തരവ് ഇതിനെല്ലാം പരിഹാരമാകുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ഉദ്യോഗസ്ഥര്‍ രേഖകള്‍ തരാന്‍ താമസം വരുത്തി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നതും പ്രവാസി മലയാളികളുടെ നീണ്ട കാലത്തെ ആവശ്യമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."