മാവോവാദികള്‍ക്കെതിരേ കേസ്
വനിതാ മതിലിനെതിരേ ലഘുലേഖ വിതരണം
കാളികാവ്: വനിതാ മതിലിനെതിരേ ലഘുലേഖ വിതരണം ചെയ്തതിന് മാവോവാദികള്‍ക്കെതിരേ കേസ്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന ലഘുലേഖകളാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമം, ആയുധ നിയമം, യു.എ.പി.എയുടെ വിവിധ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. ബുധനാഴ്ചയാണ് ഒന്‍പതംഗ മാവോവാദി സംഘം തലപ്പുഴ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പേര്യ അയനിക്കലില്‍ എത്തിയത്. സംഘം പരിസരത്തെ വീടുകളില്‍ വനിതാ മതിലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള ലഖുലേഖകള്‍ വിതരണം ചെയ്യുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു.
സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിനു പുറത്തുള്ള സുന്ദരി, സാവിത്രി, വയനാട് മക്കിമല സ്വദേശിയായ ജിഷ, ജയണ്ണ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന തരത്തിലുള്ള പ്രചാരണത്തിന് പുറമെ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ മതിലിനെതിരേ മാവോവാദികള്‍ രംഗത്തുവന്ന സാഹചര്യത്തില്‍ പൊലിസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്. പേര്യ അയനിക്കലിലുണ്ടായ സംഭവത്തെ തുടര്‍ന്ന് മാവോവാദികള്‍ക്ക് സ്വാധീനമുള്ള വയനാട്, നിലമ്പൂര്‍, അട്ടപ്പാടി വനമേഖലയിലും പൊലിസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."