വനിതാ മതില്: മൂന്നുലക്ഷം വനിതകള്‍ അണിനിരക്കും: ടി.പി രാമകൃഷ്ണന്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുമായി ചേര്‍ന്ന് ജനുവരി ഒന്നിന് ഒരുക്കുന്ന വനിതാ മതിലില്‍ ജില്ലയില്‍നിന്നു മൂന്നു ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്ന് മന്ത്രി ടി. പി രാമകൃഷ്ണന്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ വനിതാ മതിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്കും ലോകത്തിനാകെയും മാതൃകയായി കേരളം കൈവരിച്ച നേട്ടങ്ങല് തകര്‍ക്കാനും സാംസ്കാരികമായി കേരളത്തെ ഇരുള് കുറഞ്ഞ ഗുഹയിലേക്ക് നയിക്കാനുമുള്ള വര്‍ഗീയ ശക്തികളുടെ നീക്കള്ക്കെതിരേയാണ് കേരളത്തിലെ അമ്മമാരുടെയും സഹോദരിമാരുടെയും ഈ സ്നേഹമതിലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ വൈദ്യരങ്ങാടി വരെ 76 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് വനിതാ മതില് തീര്‍ക്കുക. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രാദേശിക സംഘാടക സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് കുടുംബശ്രീയും രംഗത്തുണ്ട്. ഒരു കിലോമീറ്ററില്‍ 4000 പേര് എന്ന രീതിയിലാണ് പങ്കാളിത്തം നിശ്ചയിച്ചിരിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ അഞ്ചു കിലോമീറ്ററിലും ആംബുലന്‍സ് സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗതാഗത തടസമില്ലാതെ പരിപാടി സംഘടിപ്പിക്കുന്നതിന് വൈകിട്ട് മൂന്നു മുതല്‍ വനിതകള്‍ അതത് സ്ഥങ്ങളില്‍ എത്തിച്ചേരും. 3. 45 ന് ട്രയല്‍ മതില് തീര്‍ക്കും. പിന്നീട് നാലിന് തീര്‍ക്കുന്ന മതില് 4.15 ന് അവസാനിപ്പിക്കും.
കെ. അജിത, ആര്യാ ഗോപി, ഡോ. ഖദീജാ മുംതാസ്, ഇന്ദു മേനോന്, വിജി പെണ്‍കൂട്ട്, ബി. എം സുഹറ, ഗിരിജ പാര്‍വ്വതി എന്നിവര്‍ മുതലക്കുളം മൈതാനിയില്‍ നടക്കുന്ന മതിലില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ സാംബശിവറാവു, സാമൂഹിക നീതി വകുപ്പ് ഓഫിസര്‍ അനീറ്റ എസ്. ലിനി, ഇ.വി സുഗതന്, എം. മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."