കടലിനും കനോലി കനാലിനുമിടയില്‍ വിഷരഹിത പച്ചക്കറിയുമായി റാഫി
വാടാനപ്പള്ളി: കടലിനും കനോലി കനാലിനും ഇടയിലെ മണപ്പുറത്തെ തീരദേശ മണ്ണില്‍ വിഷരഹിത പച്ചക്കറി കൃഷിയൊരുക്കി കാര്‍ഷിക വൃത്തിയില്‍ പുതു മാതൃക തീര്‍ക്കുകയാണ് റാഫി എന്ന ചെറുപ്പക്കാരന്.
അന്തിക്കാട് മുറ്റിച്ചൂര്‍ പോക്കാകില്ലത്ത് ഷാഹുല്‍ഹമീദിന്റെ മകനാണ് ഈ നാല്പ്പത്തിയൊന്നുകാരന്. തീരദേശത്ത് കാന്‍സര്‍ വ്യാപകമായിരിക്കെ വിഷമില്ലാത്ത പച്ചക്കറി നല്‍കുക എന്ന ഉദ്ദേശ്യം മനസ്സിലുദിക്കുകയായിരുന്നുവെന്നും അതൊരു തൊഴിലായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുകയായിരുന്നുവെന്നും റാഫി പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ തൃത്തല്ലൂര്‍ ദേശിയപാതക്കരികില് ഏഴാം കല്ലില്‍ എം.കെ ഗ്രൂപ്പിന്റെ സ്ഥലത്ത് രണ്ടര ഏക്കറില്‍ കൃഷി ആരംഭിക്കുക യായിരുന്നു. തക്കാളി, വെണ്ട, ചേന, കൂര്‍ക്ക, ചേമ്പ്, പച്ചമുളക്, വഴുതന, പടവലം, കൊള്ളി, പയര്‍ , കുക്കംബര്‍ ആണ് കൃഷിയിറക്കിയത്.
രാസവളം ഉപയോഗിക്കാതെ ചാണകം, കോഴിക്കാഷ്ടം , എല്ല് പൊടി ,വേപ്പിന് പിണ്ണാക്ക് എന്നിവയിട്ട് തികച്ചും ജൈവരീതിയിലാണ് കൃഷി. സ്വയം കൃഷിപ്പണി ചെയ്യുന്നതോടൊപ്പം മൂന്ന് തൊഴിലാളികളെയും റാഫി സഹായത്തിനായി വച്ചിട്ടുണ്ട്. വാടാനപ്പള്ളി കൃഷിഭവന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും റാഫി സഹായകമാകുന്നു. ദിവസേന ലഭിക്കുന്ന വിളവ് അതാത് ദിവസങ്ങളില്‍ അവിടെ തന്നെ ഏഴാം കല്ലില്‍ ദേശിയപാതക്കരികില് സ്റ്റാളിട്ട് ദിവസവും ഉച്ചക്ക് ശേഷം വില്‍പ്പന നടത്തുകയാണ് പതിവ്. ജൈവ പച്ചക്കറി ആവശ്യമുള്ള കച്ചവടക്കാര്‍ക്കും വിഭവങള് നല്‍കുമെന്ന് റാഫി പറഞ്ഞു. ദേശിയപാതയിലൂടെ പോകുന്നവരും റാഫിയുടെ കൃഷിയെ കുറിച്ചും അറിഞ്ഞ് നിരവധി പേര് ജൈവ പച്ചക്കറി വാങ്ങാനായി എത്തുന്നുണ്ട്. ഇനി കൂടുതല്‍ സ്ഥലത്തേക്ക് കൂടി കൃഷി നടത്താനുള്ള ഒരുക്കത്തിലാണ് റാഫി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."