കടലാടിപ്പാറ ഖനനം: ആശാപുര നിയമ യുദ്ധത്തിനൊരുങ്ങുന്നു
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന്റെ ഭാഗമായുള്ള പാരിസ്ഥിതികാഘാത പഠനത്തിനു അനുമതി തേടി ആശാപുര കമ്പനി നിയമ യുദ്ധത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ഇതിനകം തന്നെ കമ്പനി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനത്തിനു ജില്ലാ ഭരണകൂടം തടസം നില്ക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര വനം, പരിസ്ഥിതി, ഖനി മന്ത്രാലയങ്ങള്‍ക്കു നല്കിയ പരാതിയില്‍ തങ്ങള്‍ക്കനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. അടുത്ത മാസം പാരിസ്ഥിതികാഘാത പഠനം തുടങ്ങിയില്ലെങ്കില്‍ ഖനത്തിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയ പ്രാഥമികാനുമതി റദ്ദാവും. ഇതു മറികടക്കാനാണ് ആശാപുര കോടതിയെ സമീപിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച മൈനിങ് ലീസ് തെളിവായി കോടതിയില്‍ ഹാജരാക്കും. അതേസമയം, ഒരു തരത്തിലുള്ള പഠനമോ ഖനമോ കടലാടിപ്പാറയില്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രാദേശിക ഭരണകൂടവും നാട്ടുകാരും.
ജനകീയ സര്‍വകക്ഷി സംഘം ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും കാണും. പാരിസ്ഥിതികാഘാത പഠനത്തിനു സഹായം ചെയ്യണമെന്നു കാണിച്ച് ഈ വര്‍ഷം ആറു കത്തുകള്‍ കമ്പനി ജില്ലാ ഭരണകൂടത്തിനു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."