ജോലി ഹോബിയാകട്ടെ
മുഹമ്മദ്#
ശിഷ്യന്‍ ചോദിച്ചു: ''എന്തുകൊണ്ടാണ് ചിലര്‍ ഏതു നേരവും ദൈവനാമം ആവര്‍ത്തിച്ചാവര്‍ത്തിച്ചുരുവിടുന്നത്? അതിനു പിന്നില്‍ വല്ല യുക്തിയും ഒളിഞ്ഞുകിടപ്പുണ്ടോ?''
ഗുരു പറഞ്ഞു: ''അനുരാഗിയോട് അനുരാഗഭാജനത്തിന്റെ നാമം ആവര്‍ത്തിച്ചുരുവിടുന്നതിന്റെ യുക്തി ചോദിക്കരുത്. അനുരാഗം തന്നെയാണ് അതിന്റെ കാരണം. അനുരാഗാഗ്നി മനസാന്തരങ്ങളില്‍ ചേക്കേറിയാല്‍ അനുരാഗഭാജനമല്ലാതെ മറ്റൊന്നും അനുരാഗിയില്‍ ഉണ്ടാവില്ല.''
പേര്‍ഷ്യന്‍ കവിയുടെ വാക്കുകള്‍ നോക്കൂ:
ഇശ്ഖ് ആന്‍ ശുഅ്‌ലസ്ത് ഊചൂന്‍ ബര്‍ഫറൂഖ്ത്
ആന്‍ച ജുസ് മഅ്ശൂഖ് ബാഖീ ജുംല സൂഖ്ത്ത്
(അനുരാഗമെന്നത് ഒരു തീനാളം. അതെങ്ങാന്‍ ശരീരത്തില്‍ കയറിയാല്‍ പ്രണയഭാജനമല്ലാത്ത സര്‍വസ്വത്തെയും അതു ഭസ്മമാക്കിക്കളയും.)
ആചാര്യന്മാര്‍ വ്യാപകമായി പ്രയോഗിക്കുന്ന ഒരു വാക്യമുണ്ട്:
മന്‍ അഹബ്ബ ശൈഅന്‍ അക്ഥറ ദിക്‌റഹു.
ഒരാള്‍ ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ അതേ കുറിച്ച് വല്ലാതെ പറഞ്ഞുകൊണ്ടിരിക്കുമെന്നര്‍ഥം. മനസിന്റെ ദിശ എവിടെയാണോ അവിടെയായിരിക്കും മനുഷ്യന്‍ കൂടുതല്‍ സമയവും കാണപ്പെടുക. ധനത്തോടാണ് ആഭിമുഖ്യമെങ്കില്‍ ഏതു നേരവും ധനത്തെ കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കും. ധനസമ്പാദനമേഖലയില്‍ കൂടുതല്‍ സമയം വ്യാപൃതനായിരിക്കുകയും ചെയ്യും. ഏതു സമയവും ഒരാളെ പുസ്തകങ്ങള്‍ക്കു മുന്നിലാണു കാണപ്പെടുന്നതെങ്കില്‍ അയാളുടെ ആഭിമുഖ്യം പുസ്തകത്തോടാണെന്നു മനസിലാക്കാം.
ചെയ്യുന്ന ജോലി ഒരാള്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ അതയാള്‍ക്ക് ഒരു ജോലി എന്നതിനപ്പുറം ഇഷ്ട ഹോബിയായിരിക്കും. ഇനിയും ബെല്ലടിക്കാറായില്ലേ എന്നു ചോദിക്കുന്ന അധ്യാപകരും ഇത്ര പെട്ടെന്ന് ബെല്ലടിച്ചോ എന്നു ചോദിക്കുന്ന അധ്യാപകരുമുണ്ട്. മൊബൈലില്‍ നോക്കി പണിയെടുക്കുന്നവരും മൊബൈല്‍ ദൂരം വച്ചു പണിയെടുക്കുന്നവരുമുണ്ട്. എന്റെ ജോലി സമയം കഴിഞ്ഞുവെന്നു പറയുന്നവരും ഏതു സമയവും എന്റെ ജോലി സമയമാണെന്നു പറയുന്നവരുമുണ്ട്. ആദ്യം പറഞ്ഞ വിഭാഗത്തിനു ജോലി ജോലി മാത്രമാണ്. അവരുടെ മനസിന്റെ ദിശ മറ്റേതെങ്കിലും ഭാഗത്തേക്കായിരിക്കും. രണ്ടാം വിഭാഗത്തിന് അവരുടെ ജോലി അവര്‍ക്കു ജോലിയല്ല, ഹോബിയാണ്, ഒരുതരം വിനോദം. ഏതു നേരവും അവര്‍ അതിലായിരിക്കും. അല്ലെങ്കില്‍ അതിലേക്കായിരിക്കും.
പണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വി ഉത്തര്‍പ്രദേശിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ദാറുല്‍ ഉലൂമില്‍ അധ്യാപകനായി ജോലി ചെയ്യുന്ന കാലം. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പല പുസ്തകങ്ങളും രചിക്കേണ്ടതായ ഒരു സന്ദര്‍ഭമായിരുന്നു അത്. കുട്ടികള്‍ക്കുവേണ്ടി അദ്ദേഹം തയാറാക്കിയ നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രധാനമാണ് 'ഖസ്വസ്വുന്നബിയ്യീന്‍' എന്ന പേരില്‍ പ്രസിദ്ധമായ പ്രവാചകകഥകള്‍. 1943-44 കാലഘട്ടങ്ങളിലാണ് അതിന്റെ രചന നടക്കുന്നത്. രചനയ്ക്കായി അദ്ദേഹം ഉപയോഗപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഏതൊക്കെയായിരുന്നുവെന്നോ.. യാത്രകള്‍.. വാഹനങ്ങള്‍ കാത്തു വഴിയോരങ്ങളില്‍ നില്‍ക്കുന്ന സമയങ്ങള്‍!
നിശ്ചിത സമയങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്നതാണ് ഒരാളുടെ ജോലിയെങ്കില്‍ അതയാള്‍ക്ക് ഉപജീവനമാര്‍ഗം മാത്രമാണ്. നിശ്ചിത സമയങ്ങള്‍ക്കപ്പുറത്തേക്കും നീളുന്നതാണ് ഒരാളുടെ ജോലിയെങ്കില്‍ അതയാള്‍ക്കു ജീവിതം തന്നെയാണ്.
മനസിന്റെ ദിശ നോക്കിയിട്ടുവേണം കര്‍മമണ്ഡലം തിരഞ്ഞെടുക്കാന്‍. മനസിന്റെ എതിര്‍ദിശയിലാണു കര്‍മമേഖലയെങ്കില്‍ കര്‍മമേഖലയില്‍ ശരീരം മാത്രമേയുണ്ടാകൂ; മനസിന്റെ പങ്കാളിത്തം വളരെ വിരളമായിരിക്കും. അപ്പോഴാണു 'മനസില്ലാ മനസോടെ' എന്ന സ്ഥിതിവിശേഷം സംജാതമാവുക.
നിന്ന നില്‍പില്‍ ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കിയ മഹിത കഥകള്‍ നാം കേട്ടിട്ടുണ്ട്. അതൊരു അസാധാരണ സംഭവങ്ങളായി നാം ഗണിക്കും. സത്യത്തില്‍ അതൊരു സാധാരണ സംഭവമാക്കാന്‍ പ്രയാസമേതുമില്ല. മനസിന്റെ ദിശ അതിലേക്കു വന്നാല്‍ മാത്രം മതി. ഇരുന്ന ഇരിപ്പില്‍ മണിക്കൂറുകളോളം അനങ്ങാതെ മൊബൈലില്‍ സമയം ചെലവിടുന്നവരില്ലേ.. സമയം പോകുന്നത് അവര്‍ അറിയുകയേ ഇല്ല. ചിലപ്പോള്‍ രാത്രി മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമത്. ഇതേ കാര്യമാണു പ്രസ്തുത മഹാന്മാര്‍ ചെയ്യുന്നത്. നാം അനാവശ്യങ്ങള്‍ക്കുവേണ്ടി എത്ര സമയവും ചെലവിടുമ്പോള്‍ അവര്‍ ആവശ്യങ്ങള്‍ക്കായി എത്ര സമയവും ചെലവിടും. നമുക്ക് അനാവശ്യങ്ങള്‍ ഇഷ്ട ഹോബി. അവര്‍ക്ക് ആവശ്യങ്ങള്‍ ഇഷ്ട ഹോബി; അത്രമാത്രം.
സമൂഹമാധ്യമങ്ങളില്‍ വ്യാപൃതമാകുന്നതു ജോലിയായതുകൊണ്ടല്ല, ഹോബിയായതുകൊണ്ടാണ്. ഒരാളും അതിനു ശമ്പളം തരുന്നില്ല. എന്നിട്ടും മിക്ക സമയവും അതിലാണ്. അതുപോലെ ആരാധനാകര്‍മങ്ങള്‍ ഒരാള്‍ക്ക് കടമ എന്നതിനപ്പുറം ഹോബിയായി മാറിയാല്‍ ഏതു സമയവും അതിലായിരിക്കും. പരിസരബോധം പോലുമില്ലാതെ ചിലര്‍ മൊബൈലില്‍ മുഴുകുന്നപോലെ മഹാന്മാര്‍ പരിസരബോധം പോലും നഷ്ടപ്പെട്ട് അവരുടെ കര്‍മങ്ങളില്‍ മുഴുകുന്നു. ചെയ്യുന്ന കര്‍മങ്ങളോടുള്ള അവരുടെ ആഭിമുഖ്യം അത്രയ്ക്കാണ്. ദൈവത്തിങ്കല്‍വച്ച് ഒരു പ്രതിഫലവും ലഭിക്കില്ലെന്നറിഞ്ഞാല്‍ പോലും അവര്‍ ആരാധന വിടില്ല. സ്വര്‍ഗം പോലും അവരുടെ പ്രതീക്ഷാപട്ടികയിലുണ്ടാവില്ലെന്നാണ്.
കര്‍മത്തില്‍ മനഃസാന്നിധ്യം മാത്രമാണുള്ളതെങ്കില്‍ അതേ സംബന്ധിച്ചു തീവ്രാഭിലാഷം എന്നു പറയാം. ശരീരം മാത്രമാണുള്ളതെങ്കില്‍ അതേ കുറിച്ച് ആത്മാര്‍ഥതയില്ലാത്ത ജോലി എന്നും പറയാം. മനസും ശരീരവുമുണ്ടെങ്കില്‍ അതേ പറ്റി ഇഷ്ടവിനോദം എന്നും പറയാം.
വിനോദത്തെ ജോലിയാക്കുന്നതിനു പകരം ജോലി വിനോദമാക്കി നോക്കുക; വിജയം നിങ്ങളെ തേടിയെത്തുന്നതു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."