അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരേ കേസ്
കൊച്ചി: അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത 1400 പേര്‍ക്കെതിരേ എറണാകുളം പൊലിസ് കേസെടുത്തു. ജില്ലയില്‍ വിവിധയിടങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് കേസ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ എം.എ.ബ്രഹ്മരാജ്, എം.എന്‍.ഗോപി എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അങ്കമാലി പൊലിസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അനധികൃതമായും ന്യായവിരുദ്ധമായും സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍ തുടങ്ങിയവ ആരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്. അയ്യപ്പജ്യോതിയുടെ വിഡിയോ പരിശോധിച്ചുവരികയാണെന്നും അതിനനുസരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മൂവാറ്റുപുഴ പൊലീസ് അറിയിച്ചു. നിലവില്‍ ഇവര്‍ക്കെതിരെ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെരുമ്പാവൂരില്‍ 300 പേര്‍ക്കെതിരെയും മൂവാറ്റുപുഴയില്‍ 500 പേര്‍ക്കെതിരെയും കുറുപ്പംപടിയില്‍ 100 പേര്‍ക്കെതിരെയും ആണ് കേസെടുത്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബര്‍ 26ന് സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരെ ആചാരനുഷ്ഠാനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു ആര്.എസ്.എസുകാര്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള വരെ ഒരേ സമയം ദീപങ്ങള്‍ തെളിയിക്കുന്നതായിരുന്നു അയ്യപ്പജ്യോതി. വൈകിട്ട് ആറു മുതല്‍ 6:30 വരെയായിരുന്നു പരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."