വനിതാമതില്‍ വര്‍ഗീയമതില്‍ തന്നെയെന്ന് മറുപടിയിലൂടെ മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വനിതാമതില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഉരുണ്ടുകളിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മറുപടി പറയുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണുവെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളാണ് ചെന്നിത്തല ഉന്നയിച്ചത്. അതിന് മുഖ്യമന്ത്രി മറുപടിയും പറഞ്ഞിരുന്നു. ഇത് നവോത്ഥാന മതില്‍ അല്ല, വര്‍ഗീയമതില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഇന്നലെത്തെ മറുപടിയില്‍ സമ്മതിച്ചുവെന്ന് ചെന്നിത്തല തിരിച്ചടിച്ചു.
ഇതുസംബന്ധിച്ച ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
വനിതാ മതില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുകയുണ്ടായി. അവയ്ക്ക് കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതെ ഉരുണ്ടു കളിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെങ്കിലും ഇതിനിടയില്‍ അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീഴുകയാണുണ്ടായത്.
ഇത് നവോത്ഥാന മതില്‍ അല്ല, വര്‍ഗീയമതില്‍ തന്നെയാണെന്ന് മുഖ്യമന്ത്രി ഇന്നലെത്തെ മറുപടിയില്‍ സമ്മതിച്ചുവെന്നാണ് ഒരു കാര്യം.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള മതില്‍ നിര്‍മാണത്തിന് യോഗം വിളിച്ചപ്പോള്‍ ഹൈന്ദവ സംഘടകളെ മാത്രമെ താന്‍ വിളിച്ചുള്ളുവെന്ന് അദ്ദേഹം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. ന്യൂനപക്ഷ സംഘടനകളെ വിളിച്ചാല്‍ ആര്‍ എസ് എസും ബി ജെ പിയും അത് വലിയ ആയുധമാക്കും എന്നതിനാലാണ് ന്യുന പക്ഷ സംഘടനകളെ വിളിക്കാതിരുന്നത് എന്നാണ് മുഖ്യമന്ത്രി ന്യായം പറയുന്നത്.
അതായത് ആര്‍ എസ് എസിന്റെ ബി ജെപിയുടെയും ഹൈന്ദവ വര്‍ഗീയതയെ നേരിടുന്നതിന് താനും ഹൈന്ദവ വര്‍ഗീയത തന്നെയാണ് പ്രയോഗിക്കുന്നതെന്നാണ് അദ്ദേഹം ഏറ്റു പറയുന്നത്. തീവ്ര ഹൈന്ദവവര്‍ഗീയതയെ നേരിടാന്‍ അതിലും തീവ്രഹൈന്ദവ വര്‍ഗീയതയൊണ് അദ്ദേഹം ഉപയോഗിക്കുന്നത്.
ഇത് തന്നെയാണ് ഞാന്‍ ഇത്രയും ദിവസം പറഞ്ഞ് കൊണ്ടിരുന്നത്. മുഖ്യമന്ത്രി അത് സമ്മതിച്ചതിന് നന്ദിയുണ്ട്. പക്ഷെ നമ്മുടെ സമൂഹത്തെ ഹിന്ദുവെന്നും ക്രിസ്താനിയെന്നും മുസ്‌ളിമെന്നും ഒരു ഭരണകര്‍ത്താവ് വേര്‍തിരിക്കുന്നത് ആപത്താണ്. അത് ഭരണഘടന തത്വങ്ങള്‍ക്കെതിരാണ്.
ഇത് സാമുദായിക ധ്രുവീകരണത്തിന് കാരണമാക്കും. വര്‍ഗീയ ധ്രൂവീകരണം നടത്തിയാണോ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത്? ഹിന്ദു സംഘടകളെ മാത്രമെ താന്‍ വിളിച്ചുള്ളു എന്ന് പറയാന്‍ മുഖ്യമന്ത്രിയായ പിണറായിക്ക് ഉളുപ്പില്ലേ. ഇത് എന്ത് തരം വര്‍ഗ്ഗ സമരമാണ്? കാറല്‍ മാര്‍ക്‌സിന്റെ കമ്യുണിസത്തില്‍ ഇങ്ങനെയുമൊരു സിദ്ധാന്തം ഉണ്ടോ?
കമ്യുണിസ്റ്റുകാരന്‍ എന്ന് പറയുന്ന മുഖ്യമന്ത്രി തന്റെ പാര്‍ട്ടി പരിപാടിയെയും സിദ്ധാന്തത്തെയും തള്ളിക്കളയുകയാണ് ചെയ്യുന്നത്.
ആര്‍ എസ് എസിനെയും ബി ജെ പിയെയും പേടിച്ചാണ് ന്യുനപക്ഷങ്ങളെ താന്‍ വിളിക്കാതിരുന്നത് പറഞ്ഞ മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ തന്റെ ദൗര്‍ബല്യം തുറന്ന് കാട്ടുകയാണ്. മതേതര ശക്തികളെ അണി നിരത്തി സംഘപരിവാറിനെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
ഇനി മുഖ്യമന്ത്രി പറഞ്ഞ ഓരോ കാര്യങ്ങളായി നമുക്ക് പരിശോധിക്കാം.
വനിതാ മതില്‍ എന്തിന് എന്നതാണ് എന്റ ഒന്നാമത്തെ ചോദ്യം. പ്രാഥമികവും ലളിതവുമായ ആ ചോദ്യത്തിന് മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവിന് അതുപോലും അറിയല്ലേ എന്നാണ് അദ്ദേഹം മറുചോദ്യം ഉന്നയിക്കുന്നത്.
എന്റെ കാര്യം വിടാം. പിണറായിയുടെ പാര്‍ട്ടിയുടെ സമുന്നത നേതാവായ വി എസ് അച്യുതാനന്ദന് മനസിലായിട്ടുണ്ടോ? ആദ്യം പിണറായി ചെയ്യേണ്ടത് വി എസ് അച്യുതാനന്ദന് ഇത് മനസിലാക്കിക്കൊടുക്കുകയാണ്. ജാതി സംഘടനകളെ കൂട്ടി പിടിച്ചുള്ള സമരം വര്‍ഗ സമരത്തിന്റെ വഴിയല്ലന്നാണ് വി എസ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം പിണറായിക്ക് മനസിലായിട്ടുണ്ടോ?
എനിക്ക് മനസിലായില്ലന്ന് പറയുന്ന മുഖ്യമന്ത്രി കൂടെ നില്‍ക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മനസിലായിട്ടുണ്ടോ എന്ന ചോദിക്കണം. മതില്‍ നിര്‍മാണത്തിന് ശബരിമലയുമായി ബന്ധമില്ലന്നാണ് കടകംപള്ളി ആണയിട്ടു കൊണ്ടിരിക്കുന്നത്.
മതിലു കെട്ടാന്‍ മുമ്പില്‍ നില്‍ക്കുന്ന സംഘടനകള്‍ക്കും തങ്ങള്‍ എന്തിനാണ് മതില്‍ കെട്ടുന്നത് എന്നറിയാത്ത അവസ്ഥയാണ്. അവര്‍ക്കും പിണറായി ഒന്ന് മനസിലാക്കിക്കൊടുക്കണം.
ശബരിമലയിലെ യുവതി പ്രവേശനവുമായി വനിതാ മതിലിന് ബന്ധമുണ്ടോ എന്നതാണ് എന്റെ അടുത്ത ചോദ്യം? ഇവിടെയും മുഖ്യമന്ത്രിയുടെ മുഖം മൂടി അഴിഞ്ഞുവീഴുന്നു. വനിതാ മതിലിന് നിമത്തമായത് ശബരിമലയ വിഷയത്തിലെ സുപ്രിം കോടതി വിധിയാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അപ്പോള്‍ ശബരിമലയുമായി ബന്ധമില്ലന്ന് കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണനും ഏ കെ ബാലനും മതിലിന്റെ സംഘാടകരും പറയുന്നതോ? ആരു പറയുന്നതാണ് വിശ്വസിക്കേണ്ടത്?
ശബരിമലയില്‍ സ്ത്രീകള്‍ കയറണമോ വേണ്ടയോ എന്നത് മാത്രമല്ല പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറയുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ വനിതകള്‍ തന്നെ നേരിട്ടിറങ്ങി പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് മതിലെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു.
.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനാണെങ്കില്‍ അതിന് മതില്‍ കെട്ടേണ്ട കാര്യമില്ല. പിണറായി വിജയന്റെ സര്‍ക്കാര്‍ വിചാരിച്ചാല്‍ മതി. കാരണം കഴിഞ്ഞ രണ്ടര വര്‍ഷമായി പിണറായിയാണ് ഭരിക്കുന്നത്. അതിനിടിയിലാണ് സ്ത്രീകള്‍ക്ക് നേരെ ഏറ്റവും അധികം അതിക്രമങ്ങള്‍ നടന്നത്.
പെരുമ്പാവൂരിലെ ജിഷയെന്ന പെണ്‍കുട്ടിയുടെ കൊലപാതകം തിരഞ്ഞെടുപ്പില്‍ വിറ്റ് വോട്ടാക്കി മാറ്റി അധികാരത്തില്‍ വന്നവരാണ് ഇവര്‍. പക്ഷെ ഈ സര്‍ക്കാരിന്റെ കാലത്താണ് സ്ത്രീകള്‍ക്ക് ഒരു രക്ഷയുമില്ലാത്ത അവസ്ഥയുണ്ടായത്.
കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീത്വത്തെ ബഹുമാനിച്ചതിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇവയാണ്....
1. കുട്ടിമാക്കൂലില്‍ രണ്ട് ദളിത് യുവതികളെ കൈക്കുഞ്ഞുമായി ജയിലില്‍ അടച്ചു കൊണ്ടാണ് ഇടതു ഭരണം തുടങ്ങുന്നത് തന്നെ.
2. പയ്യന്നൂരില്‍ ചിത്ര ലേഖ എന്ന ദളിത് യുവതിയെ വേട്ടയാടുകയും, നാടുകടത്തുകയും അവരുടെ ഉപജീവനമാര്‍ഗമായ ഒട്ടോറിക്ഷ കത്തിക്കുയും ചെയ്തു.
3. പാലക്കാട് വിക്ടോറിയ കോളജിലെ ദളിത് വിഭാഗത്തില്‍പ്പെട്ട വനിതാ പ്രിന്‍സിപ്പാളിന് ശവകുടീരമൊരുക്കി. എറണാകുളം മഹാരാജാസ് കോളജിലെ വനിതാ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു.
4. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ചു.
5.വടക്കാഞ്ചേരിയില്‍ ഒരു യുവതി തന്നെ പീഡിപ്പിച്ചുവെന്ന് കരഞ്ഞു പറഞ്ഞു കൊണ്ട് പത്ര സമ്മേളേനം നടത്തിയിട്ട് ഒരു നടപടിയും എടുത്തില്ല. കാരണം പ്രതി സി.പി.എം കാരനായിരുന്നു.
6. വാളയാറിലെ സഹോദരിമാരായ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയപ്പോള്‍ ആത്മഹത്യയെന്ന് പൊലീസ് എഴുതി തള്ളി.
6. ഡി വൈ എഫ് ഐ നേതാവായ ഒരു പെണ്‍കുട്ടി പാര്‍ട്ടി എം എല്‍ എ ആയ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ അതിന് ദൃക്‌സാക്ഷിയുണ്ടോ എന്നാണ് പാര്‍ട്ടി കമ്മീഷന്‍ ചോദിച്ചത്.
7. കോട്ടയത്ത് ക്രിസ്തുമസ് കരോളിനെ പോയ സംഘത്തിലെ പെണ്‍കുട്ടികളെ ഡി.വൈ.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് പള്ളിയില്‍ അഭയം തേടേണ്ടി വന്നിരിക്കുകയാണ്. ആ പെണ്‍കുട്ടികള്‍ ഇപ്പോഴും പള്ളിയിലാണ്.
8. തിരുവനന്തപുരത്ത സെക്രട്ടറിയേറ്റിന്റെ പടിക്കല്‍ ദുഖമണിയും മുഴുക്കി ഒരു വിധവ ഇപ്പോഴും സത്യാഗ്രഹം ഇരിക്കുന്നുണ്ട്. ഒരു ഡി വൈ എസ് പി തന്റെ ഭര്‍ത്താവിനെ വണ്ടിക്ക് മുമ്പിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാക്ക് പാലിക്കണമെന്ന് പറഞ്ഞാണ് യുവതിയായ ആ വിധവ ഇരിക്കുന്നത്.
ഈ പെണ്‍കുട്ടിയുമായി ഒരിക്കലെങ്കിലും ചര്‍ച്ച നടത്തിയിട്ട് പോരായിരുന്നോ മതില്‍ നിര്‍മാണം. നവോത്ഥാന മൂല്യങ്ങളെക്കുറിച്ചും സ്ത്രീത്വത്തെ കുറിച്ചും വാചകമടിക്കുന്ന മുഖ്യമന്ത്രിക്ക് ഈ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ഒരു മിനറ്റ് നീക്കി വയ്ക്കാമായിരുന്നില്ലേ?
കോട്ടയത്ത് ഡി.വൈ.എഫ്.ഐ ആക്രമത്തെ തുടര്‍ന്ന് പള്ളിയില്‍ അഭയം തേടിയ പെണ്‍കുട്ടികള്‍ക്ക് അവിടെ നിന്ന് പുറത്തിറങ്ങാന്‍ വഴി ഒരുക്കിക്കൊടുത്തിട്ട് പോരായിരുന്നോ മതില്‍ നിര്‍മാണം ?
ഒരു വശത്ത് കൂടി സ്ത്രീത്വത്തെ ചവിട്ടി മെതിക്കുകയും, മറുവശത്ത് സ്ത്രീത്വത്തിന്റെ പേരില്‍ മതില്‍ കെട്ടുകയും ചെയ്യുന്ന കാപട്യമാണ് സര്‍ക്കാരിന്.
എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉരുണ്ട് കളിച്ചെങ്കിലും പിണറായി മറുപടി പറഞ്ഞെങ്കിലും വര്‍ഗ്ഗരാഷ്ട്രീയം ഉപേക്ഷിച്ച് സ്വത്വ രാഷ്ട്രീയം കയ്യാളുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് ഒരക്ഷരം മറുപടി പറയുന്നില്ല. അത് എന്തു കൊണ്ടാണ്?
മുഖ്യമന്ത്രി ജാതി അടിസ്ഥാനത്തിലുള്ള സ്വത്വ രാഷ്ട്രീയം പരീക്ഷിക്കുകയാണ് ചെയ്യുന്നത്. സി പി എം കേന്ദ്ര കമ്മിറ്റി ഇത് നിരാകരിച്ചതാണ്. എന്നിട്ടും സി പി എം പൊളിറ്റ്ബ്യുറോ അംഗമായ പിണറായി വിജയന്‍ ആ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടി ഉപേക്ഷിച്ച് സ്വത്വ രാഷ്ട്രീയം കൈയാളുന്നതില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി യെച്ചൂരിക്ക് എന്താണ് പറയാനുള്ളത്.
സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് സ്ത്രീകളുടെ മതിലിന് അപ്പുറത്ത് പുരുഷന്‍മാരുടെയും മതിലുണ്ടാകുമെന്നാണ് പിണറായി മറുപടി പറയുന്നത്. പി കെ ശശിയെപോലുള്ളവരുടെ മതിലായിരിക്കും അത്.
വനിതാ മതിലിന് സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിക്കുന്നതിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് യാഥാര്‍ത്ഥ്യം മൂടിവയ്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഒരു പൈസ പോലും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ചിലവാക്കില്ലന്ന് മുഖ്യമന്ത്രി മറുപടിയില്‍ ആവര്‍ത്തിക്കുന്നു. അതേ സമയം കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെയാണ് വനിതാ മതില്‍ രൂപീകരിക്കുന്നതെന്നാണ് പറയുന്നത്. ആ സത്യവാങ്ങ്മൂലം പിന്‍വലിക്കാന്‍ പിണറായി തയ്യാറാകുന്നുമില്ല.
കോടതിയില്‍ യാഥാര്‍ത്ഥ്യം ബോധിപ്പിക്കുകയും, പുറത്ത് അത് മറച്ച് വയ്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. പി ആര്‍ ഡി പരസ്യത്തിന് പണം സര്‍ക്കാര്‍ ഫണ്ടില്‍ നിന്നല്ലാതെ എവിടെ നിന്നാണ് വരുന്നത് ? മതിലിനായി ഉദ്യേഗസ്ഥര്‍ യോഗം വിളിക്കുന്നതിനുള്ള പണവും പ്രചാരണത്തിന് ചിലവഴിക്കുന്ന പണവും സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് തന്നെയാണ്.
ഒരു ഉദ്യേഗസ്ഥരും കീഴുദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തുന്നില്ല എന്ന പച്ചക്കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നു.
മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് മേലുദ്യേഗസ്ഥര്‍ കീഴുദ്യേഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കുകയാണ്. കോളജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത് കോളജ് വിദ്യാഭ്യസ വകുപ്പിന് കീഴിലുള്ള വനിത ജീവക്കാരും വിദ്യാര്‍ത്ഥിനികളും അണിചേരണം എന്നാണ്. വിദ്യാര്‍ത്ഥിനികളെപ്പോലും ഒഴിവാക്കിയിട്ടില്ല.
സര്‍വ്വീസ് സംഘടനകളെ ഉപയോഗിച്ച് ജീവനക്കാരെ വ്യാപകരമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
കുടംബശ്രീ പ്രവര്‍കര്‍ക്ക് ആനുകൂല്യങ്ങള്‍ തടയുമെന്നും അവര്‍ക്ക് പണിയില്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകള്‍ വാര്‍ത്താ ചാനലുകള്‍ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. തൊഴിലുറപ്പ് ആശാ വര്‍ക്കര്‍മാരെയും വ്യാപകമായാണ് ഭീഷണിപ്പെടുത്തുന്നത്. എന്നിട്ടും ആരെയും ഭീഷണിപ്പെടുത്തിന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണ്.
ക്ഷേമ പെന്‍ഷനുകാരുടെ കയ്യില്‍ നിന്ന് പണം പിരിക്കില്ലന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നു. പാലക്കാട് പുതുശേരി പഞ്ചായത്തില്‍ ക്ഷേമ പെന്‍ഷനുകരുടെ കയ്യില്‍ നിന്നും നൂറു രൂപ പിടിച്ചെടുത്ത ശേഷം ബാക്കി തുക മാത്രം നല്‍കിയതിന്റെ തെളിവുകള്‍ പുറത്ത് വന്നതാണ്. എന്നിട്ടും എവിടെയാണ് തെളിവെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്.
ശബരിമല പ്രശ്‌നത്തില്‍ ഞാന്‍ അഭിപ്രായം മാറ്റിയെന്ന അസത്യം മുഖ്യമന്ത്രി ഈ മറുപടിക്കിടയിലും ആവര്‍ത്തിക്കുന്നുണ്ട്. ഞാന്‍ ഒരഭിപ്രായവും മാറ്റിയിട്ടില്ല. സുപ്രിം കോടതി വിധി വന്നപ്പോള്‍ വിധി മാനിക്കുന്നു, അതേ സമയം ആചാരങ്ങളും പരിപാലിക്കപ്പെടണം എന്നാണ് ഞാന്‍ പറഞ്ഞത്. ഇപ്പോഴും അതാണ് എന്റെ അഭിപ്രായം. ഈ അഭിപ്രായം ഉള്ളത് കൊണ്ടാണ് റിവ്യു ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയത്. 2016 ല്‍ യു ഡി എഫ് നല്‍കിയ സത്യവാങ്ങ്മൂലവും ഇത് തന്നെയാണ്. ശബരിമലയിലെ ആചാരങ്ങള്‍ പാലിക്കപ്പെടണമെന്നാണ് ആ സത്യവാങ്മൂലം. കോണ്‍ഗ്രസ് അതില്‍ അന്നും ഇന്നും ഉറച്ച് നില്‍ക്കുന്നു.
തങ്ങള്‍ യജമാനന്‍മാരാണെന്ന് കണക്കാക്കുന്ന ചിലര്‍ അഭിപ്രായമാറ്റിയപ്പോള്‍ ഞാനും മാറ്റി എന്ന് പിണറായി പറയുന്നത് ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനംകുത്തല്‍ മാത്രമാണ്. പിണറായിക്കാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ പുതിയ യജമാനനെ കിട്ടിയിരിക്കുന്നത്. പുതിയ യജമാനനെ സന്തോഷിപ്പിക്കാനാണ് ശബരിമല പ്രശ്‌നം വഷളാക്കുകയും അതുവഴി ബി ജെ പിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത്.
സെക്രട്ടറിയേറ്റിന് മുന്നിലെ ബിജെപി സമരം തണുത്തുവെന്ന് കണ്ടപ്പോഴാണ് മനിതീ സംഘത്തെ മല കയറ്റാന്‍ ശ്രമിച്ചത്. പ്രത്യേക പൊലീസ് സംവിധാനം ഒരുക്കിയാണ് രഹസ്യ വഴികളിലൂടെ മനീത സംഘത്തെ പമ്പയില്‍ എത്തിച്ചത്. എന്നിട്ടും പ്രതിഷേധക്കാരുടെ മുന്നിലേക്ക് ആ സ്ത്രീകളെ എറിഞ്ഞ് കൊടുക്കയാണ് ചെയ്തത്. പ്രാണനും കയ്യിലെടുത്ത് ആ പാവങ്ങള്‍ ഓടുന്ന കാഴ്ച കരളലയിക്കുന്നതാണ്.
മുഖ്യമന്ത്രിയെ വിശ്വസിച്ചാണ് ആ സ്ത്രീകള്‍ ശബരിമലക്ക് വന്നത്. അവരെ കെണിയില്‍പ്പെടുത്തി. ഇതാണ് സ്ത്രീ സുരക്ഷ ഒരുക്കല്‍. ഇതിനാണോ മതില്‍ നിര്‍മിക്കാന്‍ പോകുന്നത്? ഇത് കള്ളക്കളിയാണ്. ജനാധിപത്യ ശക്തികളെ ദുര്‍ബലപ്പെടുത്താന്‍ ബി ജെ പിയെ ശക്തിപ്പെടുത്തുക മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. അതിനുള്ള മൂടുപടമാണ് നവോത്ഥാന മതിലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."