HOME
DETAILS
MAL
സഊദിയിൽ ബഖാല നടത്തിപ്പുകാർക്ക് ആശ്വസിക്കാം; സമ്പൂർണ്ണ സഊദി വൽക്കരണം ഉടൻ ഉണ്ടാവില്ലെന്ന് സൂചന
backup
December 30 2018 | 15:12 PM
റിയാദ്: സഊദിയിൽ ചെറു സൂപ്പർ മാർക്കറ്റുകളിൽ നൂറു ശതമാനം സഊദി വത്കരണം നടപ്പാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകില്ലെന്ന് സൂചന. നഗരങ്ങളിൽ ഇത് ചില ഘട്ടങ്ങളിൽ പ്രായോഗികമാണെങ്കിലും ഗ്രാമ പ്രദേശങ്ങളിൽ ഇത് പെട്ടെന്ന് പ്രയോഗികമല്ലെന്ന സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം മാനിച്ചു പെട്ടെന്ന് നടപ്പാക്കില്ലെന്നാണ് സൂചന. ഗ്രാമ പ്രദേശങ്ങളിൽ തുടക്കത്തിൽ നൂറു ശതമാനം സഊദിവൽക്കരണം പ്രായോഗികമല്ലെന്നും ഘട്ടം ഘട്ടമായി മാത്രമേ നടപ്പാക്കാനാകൂവെന്നുമാണ് അഭിപ്രായം.
അതേസമയം, ബഖാല മേഖലയിൽ സഊദിവൽക്കരണം നടപ്പാക്കുന്നതിലൂടെ ചുരുങ്ങിയത് 35,000 സഊദി യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽഖസബി വ്യക്തമാക്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് ഈ മേഖലകളിൽ പെട്ടെന്നു തന്നെ സഊദി വൽക്കരണം കൊണ്ട് വരുമെന്ന അഭ്യൂഹം നില നിന്നിരുന്നു. ഇതിനിടെയാണ് ഇതിന്റെ ഭവിഷ്യത്തുകൾ സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയത്.
അതേസമയം, സഊദികൾക്ക് നിശ്ചിത സംഖ്യ മാസത്തിൽ നൽകി വിദേശികൾ നടത്തുന്ന ബഖാലകൾ വഴി വൻതോതിൽ പണം പുറത്തേക്ക് പോകുന്നതായി സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയമാനുസൃതം മാത്രം ബഖാലകളിൽ ജോലി ചെയ്യുന്ന വിദേശികൾ പ്രതിവർഷം 600 കോടിയിലേറെ റിയാൽ സ്വദേശങ്ങളിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
സഊദിവൽക്കരണത്തിന് അനുയോജ്യമായ പശ്ചാത്തലം ഒരുക്കുന്നതിനും ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിനും ഓൺലൈൻ പെയ്‌മെന്റ് (പോയന്റ് ഓഫ് സെയിൽ) സംവിധാനം ഏർപ്പെടുത്തുന്നതിന് ബഖാലകളെ നിർബന്ധിക്കണമെന്നും സാമ്പത്തിക വിദഗ്ധൻ അബ്ദുറഹ്മാൻ അൽശഹ്‌റാനി ആവശ്യപ്പെട്ടു. ബഖാലകളിൽ 1,60,000 ത്തിലേറെ വിദേശികൾ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. തുടക്കത്തിൽ നിശ്ചിത ശതമാനം സഊദിവൽക്കരണം നിർബന്ധമാക്കുന്നതാണ് അഭികാമ്യം. കാലക്രമേണ 100 ശതമാനം സഊദിവൽക്കരണം നടപ്പാക്കാവുന്നതാണെന്നും ചിലർ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."