ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റില്‍ 22 മരണം
മനില: ഫിലിപ്പൈന്‍സില്‍ വന്‍ ഭൂചലനത്തിനു പിറകെയുണ്ടായ ചുഴലിക്കാറ്റില്‍ 22 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. മധ്യ ഫിലിപ്പൈന്‍ ദ്വീപുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും വന്‍ നാശം വിതച്ചത്.
കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഉരുള്‍പൊട്ടലിലും വെള്ളപ്പൊക്കത്തിലുമാണ് കൂടുതല്‍ പേര്‍ക്കും ജീവന് നഷ്ടമായത്. മൂന്നു വയസുള്ള കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടും. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. സംഭവത്തില്‍ 38 പേര് മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദുരന്തത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രികര്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ബസ് ടെര്‍മിനലുകളിലും കുടുങ്ങിക്കിടക്കുകയാണ്. ദ്വീപുകള്‍ക്കിടയിലുള്ള കപ്പല്‍-ബോട്ട് യാത്രകളും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണ ഫിലിപ്പൈന്‍ ദ്വീപായ മിന്ദനാവോയുടെ തീരത്ത് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പലാവു തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."