സമ്പൂര്‍ണ മാലിന്യമുക്ത ജില്ല; പ്രഖ്യാപനം നവംബര്‍ ഒന്നിന്
കോഴിക്കോട്: നവംബര്‍ ഒന്നിന് കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ഹരിതകേരളം' മിഷന്റെ ഭാഗമായി നടത്തുന്ന മാലിന്യമുക്ത പദ്ധതി ലോകത്തിനു തന്നെ മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനവും ബോധവല്‍ക്കരണ പ്രവര്‍ത്തനവും നടത്തും.
മാലിന്യ നിര്‍മാര്‍ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് നടപ്പാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വ്യക്തി, കുടുംബം എന്നിവയ്ക്കുപുറമെ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യം അതുല്‍പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്തത്തില്‍ തന്നെ സംസ്‌കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോടിന്റെ മറ്റൊരു പ്രശ്‌നമായ ഭൂനികുതി സ്വീകരിക്കലിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."