വികസന അതോറിറ്റികളുടെ മെല്ലെപ്പോക്ക്; 21 പദ്ധതികള്‍ പാതിവഴിയില്‍
ടി. മുഹമ്മദ്#
തിരുവനന്തപുരം: സംസ്ഥാനത്തെ വികസന അതോറിറ്റികള്‍ ഏറ്റെടുത്ത പദ്ധതികള്‍ വേഗതയില്ലാതെ പാതിവഴിയില്‍. സംസ്ഥാനത്ത് നിലവിലുള്ള തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ), വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ), ഗോ ശ്രീ ദ്വീപ് വികസന അതോറിറ്റി എന്നിവ ഏറ്റെടുത്തിട്ടുള്ള 21 പദ്ധതികളാണ് എന്നു പൂര്‍ത്തീകരിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതെ ഒച്ചിഴയും വേഗത്തില്‍ നീങ്ങുന്നത്.
കൊച്ചി വികസന അതോറിറ്റി മാത്രമാണ് ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഏറ്റെടുത്ത രണ്ടു പദ്ധതികളാണ് ഇവര്‍ പൂര്‍ത്തീകരിക്കാനുള്ളത്. തിരുവനന്തപുരം വികസന അതോറിറ്റിയുടെ അഞ്ചു പദ്ധതികളും ഗോ ശ്രീ വികസന അതോറിറ്റിയുടെ 15 പദ്ധതികളും പൂര്‍ത്തീകരിക്കാനുണ്ട്.
തിരുവനന്തപുരം വികസന അതോറിറ്റി രണ്ടു വര്‍ഷം മുന്‍പ് ഏറ്റെടുത്ത ചാല വാണിജ്യ സമുച്ചയം, പാളയം എ ബ്ലോക്ക്, പാളയം എം ബ്ലോക്ക്, കഴക്കൂട്ടം പദ്ധതി, പാളയം സി. ബ്ലോക്കിന്റെ മറ്റു പ്രവൃത്തികള്‍ എന്നീ പദ്ധതികളാണ് പൂര്‍ത്തിയാക്കാനുള്ളത്.
ഗോ ശ്രീ വികസന അതോറിറ്റി രണ്ടു വര്‍ഷം മുന്‍പ് ഏറ്റെടുത്ത മൂലമ്പിള്ളി പിഴല പാലത്തിന്റെ കണക്ടിവിറ്റി പാലം, ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം, ചേന്നൂര്‍ കോതാട് പാലം, വൈപ്പിനിലെ തീര സംരക്ഷണ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കാനുണ്ട്. ഈ കാലയളവിലെ ഒരു പദ്ധതി മാത്രമാണ് (ഗോ ശ്രീ പാലത്തിന്റെ അറ്റകുറ്റപ്പണി) പൂര്‍ത്തീകരിച്ചത്. ഇതിനു പുറമേ നേരത്തേ ഏറ്റെടുത്തിട്ടുള്ള മൂലമ്പള്ളി ചാത്തനാട് റോഡും പാലങ്ങളും പദ്ധതി, എളംകുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ നവീകരണം, താന്തോന്നിതുരുത്ത് ദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍, വല്ലാര്‍പാടം ദ്വീപിലെ ബണ്ടു റോഡ് നിര്‍മാണം, പിഴല ചേന്നൂര്‍ ചരിയംതുരുത്ത് റോഡ് പദ്ധതി, മുളവുകാട് റോഡ് പദ്ധതി, വലിയവട്ടം ദ്വീപിലെ പാലം, റോഡ് നിര്‍മാണം, ഉള്‍നാടന്‍ ജലഗതാഗത പദ്ധതിയിലെ ബോട്ട് നിര്‍മാണം, വൈപ്പിന്‍ ഭാഗത്തെ ബീച്ച് റോഡ് നിര്‍മാണം, ഫോര്‍ട്ട് വൈപ്പിന്‍ ഭാഗത്തെ നടവഴി നിര്‍മാണം എന്നിവയും പൂര്‍ത്തീയാക്കാനുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് സംസ്ഥാനത്ത് വികസന അതോറ്റികള്‍ക്ക് രൂപം നല്‍കിയത്.
തുടക്കത്തില്‍ തിരുവനന്തപുരം, കൊച്ചി, ഗോ ശ്രീ ദ്വീപ്, കോഴിക്കോട്, തൃശൂര്‍, കൊല്ലം, വള്ളുവനാട് എന്നിങ്ങനെ ഏഴ് വികസന അതോറിറ്റികളുണ്ടായിരുന്നു. പിന്നീട് 2016 നവംബറില്‍ തിരുവനന്തപുരം, കൊച്ചി, ഗോശ്രീ എന്നിവ ഒഴികെ മറ്റു വികസന അതോറിറ്റികള്‍ പിരിച്ചുവിട്ട് ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ലയിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ബാക്കിയുള്ളവ പുനഃസംഘടിപ്പിക്കുകയും ചെയ്തു. ശേഷിക്കുന്ന വികസന അതോറിറ്റികളും കാര്യക്ഷമമല്ലെന്നാണ് വികസന പ്രവര്‍ത്തനങ്ങളുടെ ഒച്ചിഴയും വേഗം വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."