കാന്‍സര്‍ രോഗിയായ യുവാവിന്റെ കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് അനേ്വഷിക്കും
കോട്ടയം: കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ക്യാന്‍സര്‍ രോഗിയായ പട്ടികജാതി യുവാവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നേരിട്ട് അന്വേഷിക്കും. ഇതു സംബന്ധിച്ച് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലിസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്.
വൈക്കം കല്ലറ ഏഴുമാന്തൂരുത്ത് കരനികര്‍ത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞമ്മയുടെ മകന്റെ മരണമാണ് ഇത്തരത്തില്‍ അന്വേഷിക്കാന്‍ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടത്.
2015 ഡിസംബര്‍ 15 നാണ് യുവാവ് മരിച്ചത്. ഇതേത്തുടര്‍ന്ന് കമ്മീഷന്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. വിവിധ കേസുകളില്‍ പ്രതിയായ പരാതിക്കാരിയുടെ മകനെ കാപ്പാ പ്രകാരം 2015 ജൂ ലൈ 24ന് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് കമ്മീഷന്റെ നിഗമനം.
അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ പരാതിക്കാരിയേയോ ബന്ധുക്കളേയോ കേട്ടതായി വിശദീകരണത്തിലില്ലെന്ന് കമ്മിഷന്‍ കണ്ടെത്തി. യുവാവ് എത്ര ദിവസം പൊലിസ് കസ്റ്റഡിയിലുണ്ടായിരുന്നു എന്ന കാര്യവും വ്യക്തമല്ല. ഇക്കാലയളവില്‍ മതിയായ ചികിത്സ നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമല്ല. സബ് ജയിലിലെയും ആശുപത്രിയിലെയും റെക്കോര്‍ഡുകള്‍ പരിശോധിച്ചതായും പൊലിസ് റിപ്പോട്ടിലില്ല.
ജയില്‍ സൂപ്രണ്ടില്‍ നിന്നും ചികിത്സാ സംബന്ധമായ റിപ്പോര്‍ട്ട് വാങ്ങിയതായും വ്യക്തമല്ല. പരാതിക്കാരിയുടെ മകനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ദിവസവും വ്യക്തമല്ല. കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും മനുഷ്യാവകാശ കമ്മിഷനും നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിച്ചതായും കാണുന്നില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കേരള പൊലിസ് മാനുവല്‍ 15-ാം അധ്യായത്തിലെ 392, 393, 394-ാം ചട്ടങ്ങള്‍ പ്രകാരമുള്ള രേഖകള്‍ പരിശോധിക്കണം. സ്വാഭാവിക നീതിക്ക് നിരക്കാത്ത അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംഭവം അന്വേഷിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ എസ്.പി വി.എം സന്ദീപിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."