സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കിടക്കയിലെ സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്യദിനത്തില്‍
ദേശീയ പതാകക്ക് കീഴില്‍ അണിനിരക്കാത്ത സര്‍ക്കാര്‍ ജീവനക്കാരായ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ഞാന്‍ രാജ്യത്തോട് മാപ്പ് ചോദിക്കുന്നു.
ഒപ്പം ഇന്ന് വിവിധ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരുടെയും ഹൃദയത്തിലേക്ക് സ്‌നേഹത്തിന്റെ ഒരായിരം വെള്ളരിപ്രാവുകളെ പറത്തുകയും ചെയ്യുന്നു.
കേന്ദ്ര സര്‍വീസിലും കേരള സര്‍വീസിലും എത്ര ജീവനക്കാരുണ്ട്. ഈ ഓഫീസുകളിലെ ജീവനക്കാരെല്ലാം ഇന്ന് ഓഫീസില്‍ വന്നോ, സ്‌ക്കൂള്‍ പരിപാടിയില്‍ എല്ലാ ടീച്ചേഴ്‌സും പങ്കെടുത്തോ എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്.
മിക്ക ഓഫീസുകളും അടഞ്ഞു കിടക്കുന്നു. ഇവിടെ പതാക ഉയര്‍ത്തേണ്ട ചുമലത സ്വീപ്പര്‍മാര്‍ക്കും പ്യൂണുമാര്‍ക്കും മാത്രമാകുന്നതെന്താ ?
അതെ സമയം ഈ ദിവസം ഉദ്യോഗസ്ഥര്‍ അച്ചി വീട്ടില്‍ വിരുന്നിനു പോവുകയോ ഹര്‍ത്താല്‍ ദിനത്തിന്റെ ലാഘവത്തോടെ അന്യസംസ്ഥാനത്ത് കുടുംബത്തോടെ വിനോദയാത്രക്ക് പോവുകയോ കൂട്ടുകാരോടൊത്ത് മദ്യസേവ നടത്തുകയോ ചെയ്യുന്നു. ഇതൊന്നുമല്ലെങ്കില്‍ ലീവെടുത്ത് വീട്ടില്‍ പോയി കിടക്കയില്‍ കിടന്ന് നേരിട്ട് രാഷ്ട്ര നേതാക്കള്‍ക്കൊപ്പം ചെങ്കോട്ടയിലെ ആഘോഷ പരിപാടികളില്‍ ലൈവായി പങ്കെടുത്ത് പതാക ഉയര്‍ത്തുന്ന മഹാന്മാരാകുന്നു.
നമുക്ക് നല്ല വിദ്യാഭ്യാസം കിട്ടി. മികച്ച ജോലി കിട്ടി. സമൂഹത്തില്‍ മുന്തിയ പരിഗണനയുള്ളവരായി. വീടുണ്ട്, കാറുണ്ട്
ആഗ്രഹിച്ചതു പോലെ മക്കളെ പ്രൈവറ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിപ്പിക്കുന്നുണ്ട്.
എന്നിട്ടും നമ്മള്‍ ചിന്തിക്കുന്നില്ല, ധീര ദേശാഭിമാനികള്‍ ചോര ചിന്തിയും ദുരിതകടലുകളോട് പൊരുതിയും നയിച്ച വീരസമരങ്ങള്‍. ഏത് രീതിയില്‍ മുടി വെട്ടാനും വസ്ത്രം ധരിക്കാനും മതത്തില്‍ വിശ്വാസിക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനും ആരാധനാലയങ്ങളില്‍ ഏത് ജാതിക്കാര്‍ക്ക് പ്രവേശിക്കാനും പ്രസംഗിക്കാനും ആത്മാഭിമാനമുള്ള സ്വതന്ത്ര വ്യക്തിയായി ജീവിക്കാനും രാഷ്ട്രം നമുക്ക് നല്‍കിയ സ്വാതന്ത്യം. അവിടെ നമ്മള്‍ ദേശവിരുദ്ധരും പാരമ്പര്യ മൂല്യങ്ങളെ അവഗണിക്കുന്നവരുമാകുന്നോ? എല്ലാം100% നേടിയെന്ന് അവകാശപ്പെടുന്നില്ല, എന്നാല്‍ നമ്മള്‍ മഹത്തായ ആ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ തന്നെയാണ്.
നമ്മള്‍ ഓര്‍ക്കുന്നില്ല, യുദ്ധം കൊണ്ട് പൊറുതിമുട്ടിയ പട്ടിണി കൊണ്ട് മണ്ണ് തിന്നുന്ന നഗ്‌ന മറക്കാന്‍ വസ്ത്രമില്ലാത്ത യുദ്ധസമാനമായ അശാന്തമായ ആധികയറിയ മിണ്ടാന്‍ പറ്റാത്ത ജനതകളെ... എന്നിട്ടും മാതൃകയാകേണ്ട തൊഴില്‍ സുരക്ഷയുള്ള വിദ്യാസമ്പന്നരായ നമ്മള്‍ കൂപമണ്ഡൂകങ്ങളാവുന്നു, രാജ്യത്തിന്റെ സുദിനം മറക്കുന്നു.
ഉച്ചവരെ പ്രവര്‍ത്തി ദിനമാക്കിയതുകൊണ്ടോ ഹാജര്‍ പട്ടികയില്‍ ഒപ്പിട്ടതുകൊണ്ടോ ദേശസ്‌നേഹം വരില്ല. മനസിന്റെ ഹാജര്‍ പുസ്തകത്തില്‍ ഹൃദയം കൊണ്ട് സംശുദ്ധമായ മുദ്ര ചാര്‍ത്തുമ്പോഴെ ദേശസ്മരണയാല്‍ കൂട്ടത്തോടെ മുഷ്ടി ചുരുട്ടി പതാകയെ ശിരസ്സുയര്‍ത്തി നോക്കി ധീരതയോടെ ഏകസ്വരത്തില്‍ വിളിക്കാനാവൂ, ജയ്ഹിന്ദ്.
ഗ്രന്ഥശാലകളില്‍ ഈ പതാകയുടെ മേന്മ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്. പുലര്‍ച്ചെ 5 മണിക്ക് ഉണര്‍ന്ന് റിഹേഴ്‌സലിനായി വിദ്യാര്‍ത്ഥികളെ ആഗസ്റ്റ് 15 നും റിപബ്ലിക്കിനും കൊണ്ടും പോയിട്ടുണ്ട്. 15 വര്‍ഷത്തോളം ആഘോഷ ചടങ്ങുകളില്‍ സജീവമാണ്. ഈ ദിനത്തില്‍ ഓഫീസില്‍ ഒറ്റക്ക് പതാകയുയര്‍ത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ ത്രസിപ്പിച്ച ഊര്‍ജ്ജമാണ് ഇന്ന് പതാകയുടെ കീഴില്‍ വരാത്ത നിങ്ങള്‍ക്ക് ഒറ്റ പ്രാവശ്യമെങ്കിലും മാപ്പ് നല്‍കാന്‍ രാജ്യത്തോട് അപേക്ഷിക്കുന്നതിനുള്ള കരുത്ത് ഈ എളിയവന് നല്‍കിയത്. ജയ്ഹിന്ദ്.
(ഫെയ്‌സ്ബുക്ക് പോസ്റ്റ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."