ഗൊരഖ്പൂര്‍ ദുരന്തം: ഉത്തരവാദികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം: ദയാബായി
കല്‍പ്പറ്റ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രാണവായു കിട്ടാതെ നവജാതശിശുക്കള്‍ ഉള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി ആവശ്യപ്പെട്ടു. ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ നടന്നത് കൂട്ടക്കൊലയാണെന്നും കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അവര്‍ പറഞ്ഞു.
മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇവിടെ ഭരണകൂടം ഹനിച്ചത്. ഉത്തര്‍പ്രദേശിലെ ഭരണകര്‍ത്താക്കളും ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയും ഈ കൊലക്ക് ഉത്തരവാദികളാണ്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ്ജസ്റ്റിസിനും ഉത്തര്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയക്കുമെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധ കത്തുകള്‍ അയക്കാന്‍ പൊതുജനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ദയാബായി പറഞ്ഞു.
പ്രാണവായു കിട്ടാതെ കുട്ടികള്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സഹായം എത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത്തരമൊരു സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എങ്ങനെയാണ് സന്യാസിയായി കണക്കാക്കുകയെന്നും അവര്‍ ചോദിച്ചു.
കുഞ്ഞുങ്ങള്‍ മരിച്ചു കഴിഞ്ഞിട്ടും മൃഗങ്ങളെപോലെയാണ് അവരെ കൊണ്ടുപോയത്. സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടശേഷം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ച അനുശോചനത്തിന് യാതൊരു അര്‍ഥവും വിലയുമില്ല.
കുഞ്ഞുങ്ങള്‍ മരണപ്പെട്ട സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം പോലും പാടില്ലായിരുന്നെന്നും ദയാബായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."