അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചെന്ന പരാതി: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ പരിശോധന
കുട്ടനാട്: അനധികൃത കെട്ടിടങ്ങള്‍ നിര്‍മിച്ചെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ ആലപ്പുഴ നഗരസഭ അധികൃതരുടെ പരിശോധന. ഇന്നലെ രാവിലെയാണ് മുനിസിപ്പല്‍ എന്‍ജിനീയറും റവന്യൂ ഓഫിസറുമടങ്ങുന്ന സംഘം ലേക്പാലസിലെത്തി പരിശോധന നടത്തിയത്. നിലവിലുള്ള കെട്ടിടങ്ങളുടെ വലുപ്പവും അളവുമാണ് സംഘം പരിശോധിച്ചത്.
ഇതിന് കൃത്യമായ നികുതി നഗരസഭക്ക് ലഭിക്കുന്നുണ്ടോയെന്ന് രേഖകളുമായി ഒത്തുനോക്കി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് നഗരസഭാധികൃതര്‍. അതിനിടെ റിസോര്‍ട്ട് നിര്‍മാണത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നഗരസഭയില്‍ കാണാതായി.
2000ത്തിലാണ് പള്ളാത്തുരുത്തി വാര്‍ഡില്‍ ലേക് പാലസ് റിസോര്‍ട്ടിന് കെട്ടിടം നിര്‍മാണത്തിനുള്ള അനുമതി നല്‍കിയത്. 32 കെട്ടിടങ്ങള്‍ നിര്‍മിക്കാനാണ് അന്ന് അനുമതി നല്‍കിയിരുന്നത്. തോമസ് ചാണ്ടിയുടെ നിയമവിരുദ്ധമായ കൈയേറ്റവും കെട്ടിടനിര്‍മാണവും സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുന്നതോടെയാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നല്‍കിയ നിര്‍മാണാനുമതി ഫയലുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.
ഇതേ തുടര്‍ന്ന് തോമസ് ചാണ്ടിയുടെ കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും കണ്ടെത്താന്‍ ചെയര്‍മാന്‍ സെര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു. തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ തീരുമാനം. അതിനിടെ മന്ത്രി അനധികൃതമായി നികത്തിയ പാടശേഖരത്തില്‍ യൂത്ത് കോണ്‍ഗ്രസ് കൊടി നാട്ടി പ്രതിഷേധിച്ചു.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി അനധികൃതമായി നികത്തിയ മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തിയത്.
പ്രദേശം നികത്തി സ്ഥാപിച്ച ഷെഡും ലേക്ക്പാലസ് റിസോര്‍ട്ടിന്റെ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. പാടശേഖരം നികത്തി പുരയിടമാക്കിയ പ്രദേശത്ത് കൊടി നാട്ടിയാണ് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചത്. പ്രവര്‍ത്തകര്‍ക്കെതിരേ പുളിങ്കുന്ന് പൊലിസ് കേസെടുത്തു.
മന്ത്രി സ്ഥലം കൈയേറിയെന്ന
ആരോപണത്തെക്കുറിച്ച്
അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി സ്ഥലം കൈയേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്ലൂ വെയില്‍ ഗെയിം നിരോധിക്കാന്‍ കേന്ദ്രം തയാറാകണം. സ്വാശ്രയ മെഡിക്കല്‍ ഫീസിന്റെ കാര്യത്തില്‍ കോളജ് മാനേജ്‌മെന്റുകളെ സഹായിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ച്ചയായി കോടതിയില്‍ മാനേജ്‌മെന്റുകള്‍ക്ക് തോറ്റുകൊടുക്കുകയാണ് സര്‍ക്കാര്‍. പ്രശ്‌നം സങ്കീര്‍ണമായിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുപോലെ നിരുത്തരവാദപരമായി പെരുമാറുന്ന മറ്റൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. എം.കെ മുനീര്‍, അനൂപ് ജേക്കബ്, വി.ഡി സതീശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."