യാത്ര തുടങ്ങും മുമ്പ് ഒരു വാക്ക്
സപ്തംബര്‍ ഏഴു മുതല്‍ 23 വരെ കേരളത്തില്‍ പ്രചാരണജാഥ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഭാരതീയ ജനതാ പാര്‍ട്ടി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജാഥ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ പദയാത്രയായും മറ്റിടങ്ങളില്‍ വാഹനജാഥ എന്ന നിലയിലുമാണ് നടക്കുക. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അക്രമത്തിനെതിരേ സംഘടിപ്പിക്കുന്ന യാത്രയില്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇടയ്ക്ക് പങ്കാളിയാവുന്നുമുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ നയ നിലപാടുകള്‍ വിശദീകരിക്കാനും പ്രചരിപ്പിക്കാനും ജാഥകളും മറ്റും നടത്തുന്നതിന് ഏതൊരു സംഘടനയ്ക്കും അവകാശമുണ്ട്. രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അത് പ്രയോജനപ്പെടുത്താറുമുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന അത്തരം ജാഥകള്‍ കേരളത്തിന് പുതുമയുള്ള കാര്യമല്ല. പക്ഷേ, അവകാശപ്പെടുന്നതുപോലെ ജനങ്ങളോടും രാജ്യത്തോടും പ്രതിബദ്ധതയുള്ള പ്രസ്ഥാനമാണ് ബി.ജെ.പിയെങ്കില്‍ യാത്ര പുറപ്പെടും മുമ്പ് പാര്‍ട്ടി നേതൃത്വം ജനങ്ങള്‍ക്കുമുമ്പില്‍ തുറന്നു പറയേണ്ട ചില കാര്യങ്ങളുണ്ട്.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അഴിമതിയായിരുന്നു ഇക്കാലമത്രയും കേരളത്തില്‍ ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയം. എന്തുകൊണ്ടാണ് പൊടുന്നനെ ഈ വിഷയം പാര്‍ട്ടി കൈവിട്ടുകളഞ്ഞുവെന്നത് ദുരൂഹമാണ്. സ്വാശ്രയ മെഡിക്കല്‍ കോളജിന് അനുമതി ലഭ്യമാക്കാനെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ കോടികള്‍ തട്ടിയ സംഭവം പുറത്തുവന്നത് ഈയിടെയാണ്. മെഡിക്കല്‍ കോഴ പുറത്തുകൊണ്ടുവന്നത് പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണസമിതിയായിരുന്നു. കോഴ കൊടുത്തവനും വാങ്ങിയവനും സംഭവം സ്ഥിരീകരിച്ച നിലയ്ക്ക് ഇങ്ങനെയൊന്ന് നടത്തിയിട്ടില്ലെന്ന് വാദിക്കാനാവില്ല. കോഴ വാങ്ങിയവരെ ഒഴിവാക്കി, വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരേ നടപടിയെടുത്തതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ജാഥയുമായി ജനങ്ങളിലേക്ക് ഇറങ്ങുംമുമ്പ് മെഡിക്കല്‍ കോഴയിലെ ദുരൂഹത നീക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ട്.
ബീഫിന്റെ കാര്യത്തില്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്തെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തില്‍ അതേ നിലപാട് പിന്തുടരുന്നവരുണ്ടെങ്കിലും മറിച്ച് ചിന്തിക്കുന്നവരുടെ പക്ഷവും പാര്‍ട്ടിയില്‍ ഇല്ലാതില്ല. നല്ല ബീഫ് ലഭ്യമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥിയും മറ്റും അവകാശപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്തെന്ന് ഇനിയെങ്കിലും വ്യക്തമാക്കേണ്ടതുണ്ട്.
കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതിന് കൊടുങ്ങല്ലൂരിലെ യുവനേതാവ് ഇപ്പോഴും ജയിലിലാണ്. രാജ്യദ്രോഹക്കുറ്റമായിട്ടുപോലും ബി.ജെ.പി നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമില്ല. നോട്ടുനിരോധനത്തെ വിമര്‍ശിച്ചവരെപ്പോലും രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയവര്‍, സംഭവത്തില്‍ ഒരാളെ മാത്രം സസ്‌പെന്റ് ചെയ്ത് കൈകഴുകാനാണ് ശ്രമിക്കുന്നത്. ആരാന്റെ അടുക്കളയില്‍ അതിക്രമിച്ചുകയറി ദേശവിരുദ്ധരെ തെരയുന്നവര്‍ക്ക് ഇതെങ്ങനെ ഭൂഷണമാവും?
വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ അധ്യാപക മോര്‍ച്ച നേതാവ് ഇപ്പോള്‍ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയാണ്. ജനങ്ങളെ ഞങ്ങള്‍ക്ക് ഒട്ടും ഭയമില്ല എന്നാണോ ഈ നിയമനത്തിലൂടെ പാര്‍ട്ടി പറയാന്‍ ഉദ്ദേശിക്കുന്നത്.
അഴിമതി, സ്ത്രീപീഡനം, രാജ്യദ്രോഹം തുടങ്ങിയ കാര്യങ്ങളില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ് ഭാരതീയ ജനതാ പാര്‍ട്ടി. ജന്‍ഔഷധികുംഭകോണം, കെ.ജി മാരാര്‍ മന്ദിര നിര്‍മാണ ഫണ്ട് തട്ടിപ്പ്, ബലിദാനി കുടുംബസഹായഫണ്ട് വെട്ടിപ്പ്, നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയവ ഇതിനോട് ചേര്‍ത്തുവയ്ക്കാത്തത് സ്ഥലപരിമിതികൊണ്ട് മാത്രമാണ്.
ജനവിശ്വാസം ആര്‍ജിക്കാനാണ് കുമ്മനവും കൂട്ടരും ജാഥ നടത്തുന്നതെങ്കില്‍ സത്യസന്ധവും സുതാര്യവുമായ വഴി അവര്‍ക്ക് മുമ്പിലുണ്ട്. പക്ഷേ, കാര്യങ്ങള്‍ നേരെചൊവ്വെ കാണാനുള്ള സല്‍ബുദ്ധി വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് ഒരിക്കലും ഉണ്ടാവാറില്ല. വിഷലിപ്തമായ ഗീബല്‍സിയന്‍ സിദ്ധാന്തമാണ് അവരുടെ എക്കാലത്തെയും ആയുധം. കേരളം ആശങ്കയോടെ ബി.ജെ.പി ജാഥയെ നോക്കിക്കാണുന്നതും അതുകൊണ്ടാണ്. ദൈവത്തിന്റെ നാടിനെ ദൈവം തന്നെ രക്ഷിക്കട്ടെ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."