ഭീകരപ്രവര്‍ത്തനത്തിന് പണം: കശ്മിരില്‍ 12 ഇടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്
ശ്രീനഗര്‍: കശ്മിരില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം കൈപ്പറ്റിയെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ എന്‍.ഐ.എ 12 ഇടങ്ങളില്‍ ഇന്നലെ റെയ്ഡ് നടത്തി.
നേരത്തെ വിഘടനവാദി നേതാക്കളില്‍ ചിലരെ അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കശ്മിരില്‍ റെയ്ഡ് നടത്തിയത്. ലഷ്കറെ ത്വയ്ബാ ഭീകരരാണ് ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീനഗര്‍, ബാരാമുള്ള, ഹന്ദ്്വാര എന്നിവിടങ്ങളിലെ 12 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്. ശ്രീനഗറിലെ അഭിഭാഷകനായ മുഹമ്മദ് ഷാഫി, പ്രമുഖ ബിസിനസുകാരനായ സഹൂര്‍ വതാലി അദ്ദേഹത്തിന്റെ മൂന്ന് ബന്ധുക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇന്നലെ റെയ്ഡ് നടത്തിയത്. പാക് ഭീകരരില്‍ നിന്ന് ഇവര്‍ വഴി കശ്മിരിലേക്ക് ധനസഹായം ലഭ്യമായിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് എന്‍.ഐ.എ ഇന്‍സ്പെക്ടര്‍ ജനറല്‍ അലോക് മിത്തല്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഏഴ് വിഘടനവാദി നേതാക്കളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നത്.
ഹുര്‍റിയത്ത് അധ്യക്ഷന്‍ സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകന് അല്‍ത്താഫ് അഹമ്മദ് ഷാ, അയാസ് അക്ബര്‍ ഖാന്‍ഡി, മെഹ്്റുദ്ദീന് കല്‍വാള്‍, പീര്‍ സെയ്ഫുള്ള, ഷാഹിദുല്‍ ഇസ്്ലാം, നയീം ഖാന് , ഫാറൂഖ് അഹമ്മദ് ദര് എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
ഇവരുടെ അറസ്റ്റിന് മുന്‍പായി എന്‍.ഐ.എ കശ്മിരില്‍ റെയ്ഡ് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."