വര്‍ഗീയതയുടെ തിരിച്ചുവരവിനെതിരേ ജാഗ്രത പുലര്‍ത്തണം: മന്ത്രി രാമകൃഷ്ണന്‍
കോഴിക്കോട്: വര്‍ഗീയതയുടെ ആപത്കരമായ തിരിച്ചുവരവിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോഴിക്കോട് വിക്രം മൈതാനിയില്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തുള്ളവനും ദുര്‍ബലനും സമാനമായ അവസരവും സൗകര്യങ്ങളും ലഭ്യമാക്കുന്നതാകണം ജനാധിപത്യ സംവിധാനം. സസ്യാഹാരം കഴിക്കുന്നവനും അല്ലാത്തവനും ഒന്നിച്ചു കഴിയാനാകണം. ജനാധിപത്യത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നവര്‍ക്ക് അസഹിഷ്ണുതയെ അംഗീകരിക്കാനാകില്ല. സമാധാനവും സൗഹൃദവുമില്ലാതെ പുരോഗതിയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ആഘോഷത്തിനു കൊഴുപ്പേകി ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ നടന്ന പരേഡിന് എസ്.ഐ കെ. വിശ്വനാഥന്‍ നേതൃത്വം നല്‍കി. പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ്, ജൂനിയര്‍ റെഡ്‌ക്രോസ് എന്നീ വിഭാഗങ്ങള്‍ പരേഡില്‍ അണിനിരന്നു. വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡലുകള്‍ മന്ത്രി സമ്മാനിച്ചു.
സ്വാതന്ത്ര്യസമര സേനാനി കെ. ഉണ്ണീരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.എല്‍.എമാരായ എ.കെ ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ പൊലിസ് മേധാവി എസ്. കാളീരാജ് മഹേഷ്‌കുമാര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് (റൂറല്‍) എം.കെ പുഷ്‌കരന്‍, എ.ഡി.എം ടി. ജനില്‍കുമാര്‍, ആര്‍.ഡി.ഒ ഷാമിന്‍ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി പൊലിസ് കമ്മിഷണര്‍ മെറിന്‍ ജോസഫ്, അസി. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."