വില കുതിച്ചുയര്‍ന്ന് നേന്ത്രപ്പഴം
കോട്ടായി: ഓണം പടിവാതിക്കലെത്തിയതോടെ ഓണവിഭവങ്ങളില്‍ പ്രധാനിയായ നേന്ത്രപ്പഴത്തിന് പൊള്ളുന്ന വില. കഴിഞ്ഞ ദിവസം 45-50 രൂപ ഉണ്ടായിരുന്ന ഏത്തക്കക്ക് വില കുതിച്ചുകയറി. 65-70 രൂപയിലെത്തി. ഓണം അടുക്കുന്നതോടെ പൊതുവിപണിയില്‍ വില ഇനിയും വര്‍ധിക്കാനാണ് സാധ്യത.
പച്ചക്കായക്ക് വില വര്‍ധിച്ചതുകൊണ്ടാണ് ഏത്തപ്പഴത്തിന്റെ വിലയും കൂടുന്നത്. ഇപ്പോള്‍ കിലോക്ക് 70 രൂപ വരെയാണ് ഏത്തപ്പഴത്തിന്റെ വിലയെന്നിരിക്കെ ഓരോ ദിവസവും വില കൂടുകയാണ്. ഉത്പാദനം കുറഞ്ഞതും തമിഴ്‌നാട്ടിലെ പ്രധാന മാര്‍ക്കറ്റായ മേട്ടുപ്പാളയത്ത് നിന്നുള്ള വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ വില ഉയര്‍ത്തുന്നതിന് പിന്നില്‍ കേരളത്തിലേക്കുള്ള വാഴപ്പഴത്തിന്റെ വരവ് തടയുന്ന തമിഴ്‌നാട്ടിലെ ഉത്പാദക വിഭാഗമാണെന്നാണ് ആരോപണം.
വിളയുമ്പോള്‍ മുറിച്ചെടുക്കുന്ന കുല വിപണിയിലെത്തിക്കാതെ ശീതീകരിച്ച ഗോഡൗണുകളിലേക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ രീതി. വിപണിയില്‍ വാഴക്കുലക്ക് ക്ഷാമം നേരിടുമ്പോള്‍ കൂടിയ വിലക്ക് മാത്രം വില്‍ക്കുകയാണ് ചെയ്യുന്നത്. പാചകമാകുമ്പോള്‍ കൃഷിയിടത്തില്‍ നിന്നു കുല വെട്ടിയെടുത്ത് നേരിട്ട് വിപണിയിലെത്തിക്കുന്ന രീതി തമിഴ്‌നാട്ടില്‍ മെല്ലെ മാറുകയാണ്.
തൃശ്ശിനാപ്പള്ളി, പൊള്ളാച്ചി, കോയമ്പത്തൂര്‍ ജില്ലകളിലെ ബനാന അസോസിയേഷനുകള്‍ക്ക് വന്‍തോതില്‍ കുല സംഭരിക്കാനുള്ള ശീതീകരിച്ച ഗോഡൗണ്‍ സൗകര്യമുണ്ട്. ഗോഡൗണിലേക്ക് മാറ്റുന്ന ഉത്പന്നങ്ങള്‍ക്ക് അവയുടെ ഈടില്‍ ബാങ്ക് വായ്പയും നല്‍കുന്നു. അതിനാല്‍ കര്‍ഷകന് അടുത്ത കൃഷിയിറക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടും ഒഴിവാകുന്നു. കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ കര്‍ഷകകൂട്ടായ്മകളുടെ ഗോഡൗണുകള്‍ നിലവില്‍ വന്നിട്ടില്ല.
തൃശ്ശിനാപ്പളളിയില്‍ നിന്നുള്ള വാഴപ്പഴം ഗോഡൗണുകളിലേക്ക് മാറ്റിയതോടെ കന്യാകുമാരി, തിരുനെല്‍വേലി ജില്ലകളില്‍ നിന്നുള്ള രസകദളികുല മാത്രമേ വിപണിയില്‍ നേരിട്ട് ലഭിക്കൂ. ഇതിന് വിലയേറുകയും ചെയ്തു.
വില കൂടിയതു മുതല്‍ മറ്റുജില്ലകളില്‍ നിന്നുള്ള വാഴക്കുലകള്‍ ആവശ്യാനുസരണം മാത്രം വിപണിയിലിറക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. കായവില കൂടിയതോടെ ഓണത്തിനുള്ള ഉപ്പേരി വിപണിയിലും മാറ്റം കണ്ടു തുടങ്ങി.
ഉപ്പേരിയും ശര്‍ക്കരവരട്ടിയുമെല്ലാം വിപണിയിലെത്തിക്കുന്നവര്‍ ഇവ തയ്യാറാക്കുന്നതിനുള്ള ഏത്തക്കായ വാങ്ങിക്കൂട്ടുന്നത് ഉയര്‍ന്ന വിലക്കാണ്. ഓണത്തിന് മുന്നോടിയായി വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതാണ് വിലക്കയറ്റത്തിനും കാരണം.
ഉപഭോക്താക്കള്‍ വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടിലാണെങ്കിലും ഉത്പന്നത്തിന് മെച്ചപ്പെട്ട വില ലഭിക്കുന്നതിന്റെ ആശ്വാസത്തിലാണ് കര്‍ഷകര്‍.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ നേന്ത്രക്കുല ചെലവാകുന്നത് ഓണക്കാലത്താണ്. ഓണം വിപണി ലക്ഷ്യമിട്ട സംസ്ഥാനത്ത് കൃഷി ചെയ്തിരിക്കുന്ന ഏത്തവാഴയുടെ വിളവെടുപ്പ് നടക്കുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."