വൈറ്റ് ഹൗസില്‍ നിന്ന് ട്രംപ് വീണ്ടും ഉദ്യോഗസ്ഥനെ പുറത്താക്കി
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ നിന്ന് ആളുകളെ പുറത്താക്കുന്ന രീതിയുമായി ട്രംപ് മുന്നോട്ട്. പ്രസിഡന്റിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനനാണ് ഒടുവില്‍ പുറത്താക്കപ്പെട്ടത്. പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാന്‍ഡേഴ്‌സാണ്, ബാനനെ പുറത്താക്കിയ വിവരം സ്ഥിരീകരിച്ചത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാനനെ നീക്കിയത്.
വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍, ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസ്, കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്റണി സ്‌കാര്‍മുക്കി എന്നിവര്‍ കഴിഞ്ഞ ആഴ്ചകളില്‍ രാജിവയ്ക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്തിരുന്നു. തീവ്ര വലതുപക്ഷ നിലപാട് പുലര്‍ത്തുന്ന ബ്രെയിറ്റ്ബാര്‍ട്ട് ഡോട്ട് കോമിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായ ബാനനാണ് ട്രംപിന്റെ പ്രചാരണ വേളയില്‍ 'അമേരിക്ക ആദ്യം' എന്ന മുദ്രാവാക്യം അവതരിപ്പിച്ചത്. വെള്ളക്കാരോട് അനുഭാവം പുലര്‍ത്തുന്ന സമീപനമാണ് ബാനനുള്ളതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കാപ്പിറ്റോള്‍ ഹില്ലിലും, മാധ്യമങ്ങളിലും, കോര്‍പറേറ്റ് മേഖലയിലുമുള്ള ട്രംപിന്റെ എതിരാളികള്‍ക്കെതിരേ പൊരുതുക എന്ന ദൗത്യവുമായി ബ്രെയിറ്റ്ബാര്‍ട്ട് ഡോട്ട് കോമിന്റെ അമരക്കാരന്റെ സ്ഥാനത്തേക്ക് മടങ്ങുകയാണെന്ന് ബാനന്‍ അറിയിച്ചു.
ദേശീയ സുരക്ഷ വിദേശകാര്യ വിഷയങ്ങളില്‍ പ്രസിഡന്റിന് ഉപദേശം നല്‍കുന്ന നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് ബാനനെ ഉയര്‍ത്താന്‍ ട്രംപ് ഈ വര്‍ഷം ആദ്യം തയാറായിരുന്നു. ബാനന് പുറത്തേക്കുന്ന വാതില്‍ തുറന്നത് വൈറ്റ്ഹൗസില്‍ ജോണ്‍ കെല്ലി പിടിമുറുക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നുണ്ട്.അതിനിടെ, റഗുലേറ്ററി പരിഷ്‌കരണത്തിനുള്ള ട്രംപിന്റെ സ്‌പെഷല്‍ അഡൈ്വസറായിരുന്ന ശതകോടീശ്വര നിക്ഷേപകനായ കാള്‍ ഇയാന്‍ സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."