ഓണം-ബക്രീദ്: ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കും
കോഴിക്കോട്: ഓണം-ബക്രീദ് പ്രമാണിച്ച് വിപണിയിലെ വിലക്കയറ്റം, കരിഞ്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയവ തടയുന്നതിന് പരിശോധന ശക്തമാക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതി യോഗം തീരുമാനിച്ചു. വിപണി നിയന്ത്രണത്തിന് ശക്തമായ മുന്‍കരുതലുകള്‍ എടുക്കും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിരീക്ഷിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ രണ്ടു വരെ പൊതുവിപണി, റേഷന്‍ കടകള്‍, പച്ചക്കറി ഓപണ്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തും. കൊയിലാണ്ടി-താമരശേരി, കോഴിക്കോട്-കൊയിലാണ്ടി എന്നിങ്ങനെ രണ്ടു താലൂക്കുകള്‍ക്കായി ഓരോ സ്‌പെഷല്‍ സ്‌ക്വാഡ് വീതമാണ് രൂപീകരിച്ചത്.
ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കുന്നതിനുള്ള റെയ്ഡ് ഊര്‍ജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. ഇതിനായി എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് പുറത്തായ അര്‍ഹരായവരെ പുതുതായി ഉള്‍പ്പെടുത്തുന്നതിനു സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഉചിതമായ നടപടി സ്വീകരിക്കും. ഇതിനകം ജില്ലയിലെ 19,000 കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. സ്വയം അപേക്ഷ നല്‍കിയവരും പരിശോധനയിലൂടെ പൊതുവിഭാഗത്തിലേക്കു മാറ്റിയവരും ഉള്‍പ്പെടെയാണിത്. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി 39,000ത്തിലധികം അപേക്ഷകള്‍ പുതുതായി ലഭിച്ചിട്ടുണ്ട്.
മുന്‍പ് ജില്ലയില്‍ ഒന്നര ലക്ഷത്തോളം ബി.പി.എല്‍ കാര്‍ഡുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 2,30,000ത്തോളം മുന്‍ഗണനാ കാര്‍ഡുകളുണ്ട്. ജില്ലയിലെ റേഷന്‍ കാര്‍ഡ് വിതരണം 98 ശതമാനം പൂര്‍ത്തിയായതായും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. തിക്കോടി എഫ്.സി.ഐ ഗോഡൗണില്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് അരി വിതരണം തടസപ്പെട്ടത് പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. റേഷന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കലക്ടര്‍ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. കലക്ടറേറ്റ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ റഹീം എം.എല്‍.എ, ജില്ലാ സപ്ലൈ ഓഫിസര്‍ കെ. മനോജ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."