കൊള്ള നടക്കുന്നത് രണ്ടാം തവണ: കാവല്‍ക്കാരനെ കെട്ടിയിട്ടു ഗെയ്ല് പൈപ്പ്ലൈന് നിര്‍മാണ സാമഗ്രികള്‍ കൊള്ളയടിച്ചു
പൊയിനാച്ചി: കാവല്‍ക്കാരനെ തട്ടിക്കൊണ്ടുപോയി കാട്ടിനകത്തു കെട്ടിയിട്ടശേഷം ഗെയ്ല് കമ്പനിയുടെ ഗോഡൗണ്‍ തകര്‍ത്തു പൈപ്പ്ലൈന് നിര്‍മാണത്തിനായുള്ള കാല്‍കോടിയോളം രൂപയുടെ ചെമ്പുകമ്പികളും മെഷീനുകളും ഒരുസംഘം കൊള്ളയടിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. മോഷണത്തില്‍ വിദ്യാനഗര്‍ പൊലിസ് അന്വേഷണം തുടങ്ങി.
ഗെയ്ല് പൈപ്പ്ലൈന് നിര്‍മാണത്തിന്റെ കരാര്‍ ഏറ്റെടുത്ത മുംബൈയിലെ ഐ.എല്‍ ആന്‍ഡ് എഫ്.എസ് കമ്പനിയുടെ പൊയിനാച്ചി ചെറുകരയിലെ ഗോഡൗണിലാണ് സംഭവം. പുലര്‍ച്ചെ രണ്ടുപേര്‍ ആദ്യം സ്ഥലത്തെത്തുകയും കാവല്‍ക്കാരനായ സുരേന്ദ്രനെ പിടിച്ചുകൊണ്ടുപോയി കൈകാലുകള്‍ ബന്ധിച്ചശേഷം വായില്‍ തുണി തിരുകുകയും തൊട്ടടുത്ത കാട്ടില്‍ മഴയത്തു ഉപേക്ഷിക്കുകയുമായിരുന്നത്രെ. പിന്നീടു കൂടുതല്‍ പേര് ഗോഡൗണിലെത്തി രണ്ടു കണ്ടയ്നറുകളിലായി സൂക്ഷിച്ചിരുന്ന ചെമ്പുകമ്പികളും വിലപിടിപ്പുള്ള മൂന്നു യന്ത്രങ്ങളും കൊള്ളയടിച്ചു.
രണ്ടു മണിക്കൂര്‍ നേരം കൈകാലുകള്‍ ബന്ധിക്കപ്പെട്ടു കാട്ടില്‍ നിന്ന ഗോഡൗണിന്റെ കാവല്ക്കാരന് ഉദുമ കൊക്കാലിലെ സുരേന്ദ്രന് (52) രക്ഷപ്പെട്ടതിനുശേഷമാണു സംഭവം പുറത്തറിഞ്ഞത്. പൊയിനാച്ചിയില്‍ വിദേശമദ്യശാല വരുന്നതിനെതിരേ നടക്കുന്ന മദ്യവിരുദ്ധ സമര പന്തലിലെത്തി പുലര്‍ച്ചെ നാലോടെ സുരേന്ദ്രന് വിവരമറിയിക്കുകയായിരുന്നു.
സമര സമിതി പ്രവര്‍ത്തകരാണ് പൊലിസില്‍ വിവരമറിയിച്ചത്. ഇതു രണ്ടാം തവണയാണു നിര്‍മാണ കമ്പനിയുടെ ഗോഡൗണില്‍ കൊള്ള നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."