പ്രതാപങ്ങള്‍ അയവിറക്കി പേരോല്‍ അങ്ങാടി
നീലേശ്വരം: ഒരു കാലത്തു നീലേശ്വരത്തിന്റെ വാണിജ്യകേന്ദ്രമായിരുന്ന പേരോല്‍ അങ്ങാടി പ്രതാപം നഷ്ടപ്പെട്ട നിലയിലാണ്. പഴയ കാലത്ത് മലയോരത്തു നിന്നും കടലോരത്തു നിന്നും ജനം സാധനങ്ങള്‍ വാങ്ങാനെത്തിയിരുന്നത് ഇവിടെയാണ്. തങ്ങളുടെ പറമ്പുകളില്‍ വിളയിച്ചവ വില്‍ക്കാനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നു. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ഇവിടെ നിന്നു ലഭിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ രാജാ റോഡ് കേന്ദ്രീകരിച്ചു വികസനം വന്നതോടെ പേരോലങ്ങാടിയുടെ പ്രതാപവും മങ്ങിത്തുടങ്ങി.
ഇടുങ്ങിയ റോഡിന്റെ ഇരുവശത്തുമായി ചേര്‍ന്നു നില്‍ക്കുന്ന പഴയ രീതിയിലുള്ള ഓടിട്ട കെട്ടിടങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്. ഇടയ്ക്കിടെ കടന്നു പോകുന്ന വാഹനങ്ങളുടെയും കാല്‍നട യാത്രക്കാരുടേയും ശബ്ദം മാത്രമാണ് അങ്ങാടിയെ ഇന്നും ഉണര്‍ത്തുന്നത്. ചില കടകളില്‍ ഇന്ന് ആയുര്‍വേദ മരുന്നുകള്‍ സംഭരിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്നുണ്ട്. ഈ കടകള്‍ അന്വേഷിച്ചു ചിലരെങ്കിലും ഇപ്പോഴും പേരോല്‍ അങ്ങാടിയിലെത്തുന്നുണ്ട്. പഴയ കാല പ്രൗഢി വീണ്ടെടുക്കും വിധം പേരോലങ്ങാടി വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."