മെഡിക്കല്‍ ലാബിലെ ജീവനക്കാരില്‍ പലര്‍ക്കും വേണ്ടത്ര പരിജ്ഞാനമില്ലെന്ന് ആരോപണം: ഓരോ ലാബില്‍ നിന്നും ഓരോ ഫലം
കാസര്‍കോട്: ജില്ലയിലെ പല ലാബുകളിലുമുള്ള ജീവനക്കാര്‍ വേണ്ടത്ര വൈദഗ്ധ്യമില്ലാത്തവരെന്ന് ആരോപണം. കഴിഞ്ഞ ദിവസം ഒരു രോഗി തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവു വിവിധ ലാബുകളില്‍ നിന്നായി പരിശോധിച്ചപ്പോള്‍ ഫലവും വിത്യസ്തം. ഇതോടെ രക്തപരിശോധനക്കു വിധേയനായ ഷിറിയ മുട്ടത്തെ ഹനീഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കു പരാതി നല്‍കി.
പല്ലെടുക്കുന്നതിനായി രക്തത്തിലെ പഞ്ചസാരയുടെ അളവു പരിശോധിക്കാന്‍ ആദ്യം കാഞ്ഞങ്ങാട്ടെ ലാബിലെത്തിയതായിരുന്നു ഹനീഫ. ഇവിടെ നടത്തിയ പരിശോധനയില്‍ പഞ്ചസാരയുടെ അളവ് 242 എം.ജിയാണ് രേഖപ്പെടുത്തിയിരുന്നത്. ഈ അളവില്‍ സംശയം തോന്നിയ ഹനീഫ പെരിയയിലുള്ള ലാബിലെത്തി വീണ്ടും പരിശോധന നടത്തിയപ്പോള്‍ ലഭിച്ച പഞ്ചസാരയുടെ അളവ് 158. തുടര്‍ന്ന് ഇതില്‍ ഏതാണു ശരിയെന്നു നോക്കാന്‍ സമീപത്തെ മറ്റൊരു ലാബില്‍ നിന്നു വീണ്ടും രക്തപരിശോധന നടത്തി. അതില്‍ പഞ്ചസാരയുടെ അളവ് 163 രേഖപ്പെടുത്തി.
രണ്ടു മാസം മുമ്പ് ചെറുവത്തൂരിലെ ഒരു രോഗി ചെറുവത്തൂരിലെ ഒരു ലാബില്‍ നിന്നു പഞ്ചസാരയുടെ അളവു നോക്കിയപ്പോള്‍ കൂടുതലായിരുന്നു. തുടര്‍ന്ന് ഇയാള്‍ നീലേശ്വരത്തെ ഒരു ലാബില്‍ കയറി വീണ്ടും പരിശോധന നടത്തിയതോടെ അല്‍പം അളവ് കുറഞ്ഞതായി കണ്ടെത്തി. എന്നാല്‍ ഒന്ന് കൂടി ഉറപ്പിക്കുന്നതിനു വേണ്ടി രോഗി കാഞ്ഞങ്ങാടേക്ക് പോവുകയും അവിടെ ഒരു ലാബില്‍ വീണ്ടും പരിശോധന നടത്തിയതോടെ ആദ്യ ലാബിലെ റിപ്പോര്‍ട്ടിന്റെ നേര്‍ പകുതി രേഖപ്പെടുത്തിയതോടെ ആശ്വാസം കൊണ്ട് വീട്ടിലേക്കു തിരിച്ചു പോവുകയായിരുന്നു.
രണ്ടാഴ്ച മുമ്പു കാഞ്ഞങ്ങാട് നഗരത്തിലെ ഒരു പ്രമുഖ ലാബില്‍ നിന്നു രക്ത ഗ്രൂപ്പ് പരിശോധന നടത്തിയ ഒരു സ്ത്രീക്ക് ഒ പോസിറ്റിവ് എന്നു രേഖപ്പെടുത്തി ലാബ് അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ വര്‍ഷം ഹജ്ജ് യാത്രക്കു പോയ ഒരു സ്ത്രീയുടെ രക്ത പരിശോധന റിപ്പോര്‍ട്ടാണ് ഇത്.
യാത്രയില്‍ പ്രധാനമായും ഇവര്‍ കരുതേണ്ട ഹാറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തുന്നതിനു വേണ്ടിയാണു രക്തഗ്രൂപ്പ് നിര്‍ണയ പരിശോധന നടത്തിയത്. ഇവരുടെ കൂടെ യാത്ര പോകേണ്ട മകന്‍ വിദേശത്തു നിന്നു നാട്ടിലെത്തി ബന്ധപ്പെട്ട ഹജ്ജ് വളണ്ടിയറുടെ സമീപത്ത് ഹാറ്റ് കാര്‍ഡ് വാങ്ങുന്നതിനു വേണ്ടിയെത്തിയപ്പോഴാണ് ഉമ്മയുടെ രക്ത ഗ്രൂപ്പ് മാറിയതായി സംശയം ഉന്നയിച്ചത്. ഇതേ തുടര്‍ന്നു വളണ്ടിയര്‍ മറ്റൊരു ലാബില്‍ നിന്നു പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. വീണ്ടും പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ഗ്രൂപ്പ് ബി പോസിറ്റിവായി റിസള്‍ട്ട് കിട്ടി.
മാസങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലാബില്‍ ഒരു രോഗിയുടെ സോഡിയം അളവ് നോക്കിയ ജീവനക്കാരിക്കു പിഴവു പറ്റി. ഈ റിപ്പോര്‍ട്ട് വച്ച് രോഗിക്ക് സോഡിയം കൂടുന്നതിന് വേണ്ടി മരുന്ന് കുത്തി വെക്കുകയും ചെയ്തു. രണ്ടു ബോട്ടില്‍ മരുന്നാണു ഡോക്ടര്‍ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചത്. പിറ്റേ ദിവസം വീണ്ടും പരിശോധന നടത്തിയപ്പോള്‍ തലേ ദിവസം കാണിച്ച അളവാണു വീണ്ടും കാണിച്ചത്. ഇതോടെ ഡോക്ടര്‍ വീണ്ടും നാലു ബോട്ടില്‍ മരുന്നു കുത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. ഇതു കയറിയതോടെ രോഗി അത്യാസന്ന നിലയിലാവുകയും തുടര്‍ന്ന് ഇവരുടെ ജീവന്‍ രക്ഷിക്കാന്‍ ആംബുലന്‍സില്‍ മംഗളൂരുവില്‍ എത്തിക്കുകയുമായിരുന്നു. ജീവനക്കാര്‍ക്കു വേണ്ടത്ര പരിശീലനം ഇല്ലാത്തതിനാലാണ് ഇത്തരത്തില്‍ പിഴവു സംഭവിക്കുന്നതെന്നാണ് ഉയരുന്ന ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."