വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയാല്‍ ബസ് പെര്‍മിറ്റ് റദ്ദാക്കും: ജില്ലാ കലക്ടര്‍
കോഴിക്കോട്: വിദ്യാര്‍ഥികളോട് ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും കുറ്റക്കാരായവര്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിദ്യാര്‍ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തതു കാരണം വിദ്യാര്‍ഥി റോഡില്‍ വീഴാനിടയായ സംഭവത്തില്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ കയറ്റാതിരിക്കുക, കയറുന്ന കുട്ടികളുടെ എണ്ണം പരമിതപ്പെടുത്തുക, മറ്റുള്ളവര്‍ കയറുന്നതു വരെ അവരെ പുറത്തു നിര്‍ത്തുക, ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, മറ്റുള്ളവര്‍ക്കായി സീറ്റില്‍ നിന്ന് എഴുന്നേല്‍പ്പിക്കുക, മോശമായി സംസാരിക്കുക, വഴിയില്‍ ഇറക്കിവിടുക തുടങ്ങിയ ഏതെങ്കിലും രീതിയിലുള്ള വിവേചനം ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. മുതിര്‍ന്നവര്‍, വിദ്യാര്‍ഥികള്‍ എന്നിങ്ങനെ യാത്രക്കാരെ വിവേചനപരമായി കാണുന്നത് പെര്‍മിറ്റ് നിയമത്തിന്റെ ലംഘനമാണ്. കുട്ടികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടംകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ബസ് യാത്രാനിരക്ക് നിശ്ചയിച്ചിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെടുന്ന ദീര്‍ഘദൂര ബസുകളില്‍ സമീപ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ ആദ്യമേ കയറിയിരിക്കുന്നത് ഒഴിവാക്കാനും യോഗത്തില്‍ തീരുമാനമായി. മറ്റെവിടെയും വിദ്യാര്‍ഥികളെ ഇന്റര്‍വ്യു ചെയ്ത് കയറ്റുന്ന രീതി അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ബസുകളുടെ മത്സരയോട്ടം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേയും കര്‍ശന നടപടികളെടുക്കാന്‍ പൊലിസ്, ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉമാ ബെഹ്‌റ, കോഴിക്കോട് ആര്‍.ടി.ഒ സി.ജെ പോള്‍സണ്‍, വടകര ആര്‍.ടി.ഒ ടി.സി വിനേഷ്, ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."