വണ്‍വേ റോഡിലെ കുഴികള്‍ അപകട കെണിയാകുന്നു
മാള: വണ്‍വേ റോഡിലേക്ക് പ്രവേശക്കുന്നിടത്ത് രൂപപ്പെട്ടിട്ടുള്ള വലിയ കുഴികള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് അപകട കെണിയാകുന്നു. അഷ്ടമിച്ചിറ റോഡില്‍ നിന്ന് മാള ടൗണിലേക്കുള്ള വണ്‍വേ റോഡിലാണ് നിരവധി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
മാള കുളത്തിന് സമീപമാണ് കൂടുതല്‍ ആഴത്തിലുള്ള കുഴിയുള്ളത്. അഷ്ടമിച്ചിറ റോഡില്‍ നിന്ന് വണ്‍വേ റോഡിലേക്കുള്ള വളവിലുള്ള കുഴികളാണ് അപകടത്തിന് വഴിവെക്കുന്നത്. രാജീവ് ഗാന്ധി സ്ക്വയറിന് സമീപമുള്ള കുഴി വളവിലായതിനാല്‍ അപരിചിതരായ ഇരുചക്ര വാഹന യാത്രക്കാര്‍ നിയന്ത്രണം വിട്ട് കുഴിയില്‍ വീണ് അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്.
കുഴി മൂടുന്നതിനുള്ള അടിയന്തര നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു . അഷ്ടമിച്ചിറ മാരേക്കാട് റോഡ് നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം വിവിധ ഭാഗങ്ങളില്‍ തകര്‍ന്ന് യാത്ര ദുരിതപൂര്‍ണമായിരിക്കുകയാണ്.
റോഡ് നിര്‍മാണത്തിലെ അപാകത കാരണമാണ് നിര്‍മാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനകം റോഡ് തകര്‍ന്നത് എന്ന വിമര്‍ശനം ഉയരുന്നുണ്ട്.
രണ്ട് പതിറ്റാണ്ടിലേറെ കാലം അറ്റകുറ്റപ്പണി പോലും നടത്താതെ തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ് കിടന്ന റോഡ് ഏറെ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് നവീകരിച്ചത്.
തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിരിക്കുന്ന റോഡ് അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനും റോഡ് കൂടുതല്‍ ശോച്യാവസ്ഥയിലേക്ക് പോകുന്നത് തടയാനും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."